Latest News

കാലവർഷം ഇക്കുറി നേരത്തെ എത്തും

കൊച്ചി: ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യത. സാധാരണ ജൂൺ ആദ്യമാണ‌് മൺസൂൺകാറ്റിന്റെ തേരിലേറി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത‌്. ഇത്തവണ ഈ മാസം ഇരുപതോടെ മഴ ആരംഭിക്കാനാണ‌് സാധ്യതയെന്ന‌് കൊച്ചി സർവകലാശാലാ റഡാർ ഗവേഷണ കേന്ദ്രം ശാസ‌്ത്രജ്ഞൻ ഡോ. എം ജി മനോജ‌് പറഞ്ഞു.[www.malabarflash.com]

ഭൂമധ്യരേഖയ‌്ക്ക‌് അഞ്ചു ഡിഗ്രി വടക്കുമാറി മൺസൂൺമേഘങ്ങൾ രൂപം കൊണ്ടിട്ടുണ്ട‌്. ഇത‌് വേഗത്തിൽ കേരളതീരത്ത‌് എത്താൻ സാഹചര്യങ്ങളുമുണ്ട‌്. അന്തരീക്ഷ താപനില ഉയർന്നുനിൽക്കുകയാണ‌്.
മുൻ വർഷങ്ങളിൽ മൺസൂണിനെ ദോഷകരമായി ബാധിച്ചിരുന്ന സമുദ്ര പ്രതിഭാസമായ ‘എൽനിനോ’യുടെ ഭീഷണിയും ഇത്തവണ ഇല്ല. ഇതുമൂലം സമുദ്രതാപനില താഴ‌്ന്നിരിക്കുകയും  കരയിലേക്ക‌് ശക്തമായി കാറ്റുവീശാൻ ഇടയാകുകയും ചെയ്യും. ഈ കാറ്റാണ‌് മഴമേഘങ്ങളെ കൊണ്ടുവരുന്നത‌്.

വേനൽമഴ ശക്തമായ വർഷങ്ങളിൽ കാലവർഷം പൊതുവെ ദുർബലമാകുന്നതാണ‌് അനുഭവം. എന്നാൽ ഇത്തവണ വേനൽമഴ മോശമില്ലാതെ ലഭിച്ചെങ്കിലും കാലവർഷത്തെ ബാധിക്കാനിടയില്ലെന്ന‌് ഡോ. എം ജി മനോജ‌് പറഞ്ഞു. ജൂൺ ആദ്യ ആഴ‌്ചകളിൽ മഴയ‌്ക്ക‌് നേരിയ ഇടവേള ഉണ്ടാകാൻ സാധ്യതയുണ്ട‌്. ഇതിന്റെ കുറവു തീർക്കുന്ന മഴ തുടർന്നുള്ള കാലയളവിൽ ലഭിക്കും.

2017ൽ കാലവർഷം മേയ‌് 30നാണ‌് എത്തിയത‌്. കാലവർഷവും തുലാവർഷവും മോശമില്ലാതെ ലഭിച്ചു. കേരളത്തിലെ ആകെ മഴയുടെ 75 ശതമാനത്തോളം കാലവർഷത്തിന്റെ സംഭാവനയാണ‌്.
20 ശതമാനം തുലാവർഷവും അഞ്ചു ശതമാനം വേനൽമഴയും നൽകുന്നു. 3000 മില്ലിമീറ്ററോളം മഴയാണ‌് പ്രതിവർഷം കേരളത്തിനു ലഭിക്കുന്നത‌്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.