Latest News

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: തളങ്കര മാലിക്ക് ദിനാര്‍ മഖാം സിയാറത്ത് കഴിഞ്ഞ് സഹോദരനോടൊപ്പം മടങ്ങും വഴി ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ അധ്യാപകന്‍ മരിച്ചു.[www.malabarflash.com]

അണങ്കൂര്‍ ചാലയിലെ അബ്ദുര്‍ റഹ്മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഫീദ് ഹുദവി (25) ആണ് മരിച്ചത്. ബെദ്‌ര പി.ടി.എം.എച്ച്.എസിലെ അറബിക്ക് അധ്യാപകനാണ്.

ചൊവ്വാഴ്ച ഗള്‍ഫിലേക്ക് പോകേണ്ട സഹോദരന്‍ ഇര്‍ഷാദിനെ (23) തളങ്കര മാലിക്ക് ദിനാറില്‍ സിയാറത്തിനായി കൊണ്ടുപോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ആന്ധ്രയില്‍ നിന്നും മാലിക്ക് ദിനാറിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്.

തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം വെച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്നും തെറിച്ച് റോഡില്‍ വീണപ്പോള്‍ ഹെല്‍മറ്റ് തകര്‍ന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റാണ് മരണം സംഭവിച്ചത്. തലയ്ക്കും പരിക്കേറ്റിരുന്നു.

ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന ഇര്‍ഷാദിന്റെ കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മംഗ്ലൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുഫീദ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് മരിച്ചത്.

സഹോദരങ്ങള്‍: മുനീര്‍ (തിരുവനന്തപുരം), അഫ്സല്‍, നഫീസത്ത് മിസ്രിയ, നസ്റീന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.