Latest News

കണ്ണുര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ തീയിട്ട് കൊന്ന പ്രതിക്ക് ജീവപര്യന്തവും പിഴയും

കണ്ണുര്‍: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com]

തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷി പുരക്കാരന്‍ പടിയന്റെ മകന്‍ സുരേഷ് കണ്ണനെയാണ് (30) തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷിച്ചത്. 

മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടിയാണ് (48 ) കൊല്ലപ്പെട്ടിരുന്നത്.
2014 ഒക്ടോബര്‍ 20 ന് അതികാലത്ത് കണ്ണുര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പുലര്‍ച്ചെ നാല് മണിയോടെ കംപാര്‍ട്ട്‌മെന്റിനകത്ത് തീയാളുന്നതും അലര്‍ച്ചയും കണ്ടും കേട്ടുമെത്തിയവരാണ് ദേഹമാസകലം കത്തിപ്പിടയുന്ന സ്ത്രീരൂപത്തെ കാണാനിടയായത്. രക്ഷപ്പെടാനുളള ഓട്ടത്തിനിടയില്‍ വീണ് പോയ സ്ത്രീയെ ഓടിക്കൂടിയവര്‍ ഉടനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരിക്കുന്നതിന് മുമ്പ് പാത്തൂട്ടി വെളിപ്പെടുത്തിയ വിവരങ്ങളെയും സൂചനകളെയും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
സംഭവസമയത്ത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ഇപ്പോഴത്തെ കുടുംബകോടതി ജഡ്ജ് കെ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ ഈ കേസില്‍ വിസ്തരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ വി പി ശശീന്ദ്രന്‍ കോടതിയില്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.