Latest News

നിപ്പ കോഴിയിൽ നിന്നെന്ന് വ്യാജസന്ദേശം: യുവാവിനെതിരെ കേസെടുത്തു

കണ്ണൂർ: നിപ്പ വൈറസ് ബ്രോയിലർ കോഴികളിലൂടെയാണ് പടരുന്നത് എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം. സുനിൽകുമാറിനെതിരെ (28) ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് ടൗൺ എസ്ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.[www.malabarflash.com]

വവ്വാലുകളിൽ വൈറസ് കണ്ടെത്താനായില്ലെന്നും എന്നാൽ കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടെത്തിയെന്നും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ.ആനന്ദ് ബസു അറിയിച്ചതായുള്ള വാട്സാപ്പ് സന്ദേശമാണ് പ്രചരിപ്പിച്ചത്.

കൂടുതൽ പഠനം തുടരുകയാണെന്നും ഇറച്ചിക്കോഴികളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും പറയുന്ന സന്ദേശം, ‘ഷെയർ ചെയ്യൂ ജീവൻ രക്ഷിക്കൂ’ എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത മൊബൈൽ നമ്പറാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

ഈ സന്ദേശത്തിനു പുറമെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ ഔദ്യോഗിക ലെറ്റർപാഡിൽ നൽകിയ പത്രക്കുറിപ്പെന്ന വ്യാജേന മറ്റൊരു സന്ദേശവും പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുവരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ഉള്ളതായി ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞുവെന്നും ഇനിയൊരു അറിയുപ്പുണ്ടാകുന്നതുവരെ കോഴി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുവെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

27–05–2018 എന്ന തീയതിയും പച്ചമഷിയിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ വ്യാജ ഒപ്പും സീലും രേഖപ്പെടുത്തിയിട്ടുണ്ട്. സീലിൽ സംസ്ഥാന സർക്കാരിന്റെ മുദ്രയ്ക്കു പകരം കേന്ദ്രസർക്കാരിന്റെ മുദ്രയാണുള്ളത്. ‌ഫോൺനമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.

വാട്സാപ്പിൽ എത്തിയ സന്ദേശം ശരിയാണെന്നു തെറ്റിദ്ധരിച്ച പലരും വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ കോഴിവ്യാപാരികൾ ആശങ്കയിലായി. സംശയം തോന്നിയവർ സ്ഥിരീകരണംതേടി മാധ്യമ ഓഫിസുകളിലേക്കു വിളിയും തുടങ്ങി. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ. ശൈലജതന്നെ ഇത് തെറ്റാണെന്നു വിശദീകരിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് അതീവഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും സൈബർസെല്ലിന്റെയും പോലീസിന്റെയും സഹകരണത്തോടെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.