Latest News

എക്സിറ്റ് പോളുകളെല്ലാം വെറും ‘വിനോദം’, നിങ്ങൾ വിശ്രമിക്കൂ: പ്രവർത്തകരോട് സിദ്ധരാമയ്യ

ബെംഗളൂരു∙ ത്രിശങ്കു സഭയിലേക്കു വിരൽചൂണ്ടുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. എക്സിറ്റ് പോൾ ഫലങ്ങൾ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരെ ആഹ്വാനം ചെയ്തു.[www.malabarflash.com]

വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് എക്സിറ്റ് പോളുകൾ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. നീന്തലറിയാത്ത ആൾ പുഴ മുറിച്ചു കടക്കാൻ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു. എക്സിറ്റ് പോളുകളെച്ചൊല്ലി ആശങ്കപ്പെടുന്നതിനു പകരം വിശ്രമിക്കാനും അദ്ദേഹം പാർട്ടി പ്രവർത്തരെ ആഹ്വാനം ചെയ്തു.

കർണാടകയിൽ ശനിയാഴ്ച വോട്ടെടുപ്പു തീർന്നതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ത്രിശങ്കു സഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാന സർവേകളിൽ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോൺഗ്രസിനുമാണ് മുൻതൂക്കം നൽകുന്നത്. അതിൽ തന്നെ, ബിജെപിക്കു രണ്ടിലും കോൺഗ്രസിന് ഒന്നിലും മാത്രമാണു കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇരുകക്ഷ‌ികൾക്കും ഭൂരിപക്ഷം കിട്ടില്ലെന്നും 21– 43 സീറ്റുകൾ നേടുമെന്നു കരുതുന്ന ജനതാദളി(എസ്)ന്റെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ. നേരത്തെ അഭിപ്രായ സർവേകളും ഇതേ സാധ്യതയാണു പങ്കുവച്ചത്. ചൊവ്വാഴ്ചയാണു വോട്ടെണ്ണൽ.

വരാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകുമെന്നു വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മികച്ച പോളിങ് ‌രേഖപ്പെടുത്തി– 70 %. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് 1978 ലായിരുന്നു– 71.9 %; കഴിഞ്ഞ തവണ 71.4 %. മറ്റൊരിക്കലും പോളിങ് 70 % കടന്നിട്ടില്ല. 224 അംഗ നിയമസഭയിൽ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്; രണ്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

എക്സിറ്റ് പോളിൽ ബിജെപിക്കു പ്രവചിച്ചിരിക്കുന്ന പരമാവധി സീറ്റ് 120 ആണ്– ഇന്ത്യ ന്യൂസ് – ടുഡേയ്സ് ചാണക്യ സർവേയിൽ. 11 സീറ്റ് വരെ കൂടാനോ കുറയാനോ ഉള്ള സാധ്യതയും അവർ പ്രവചിക്കുന്നു. കോൺഗ്രസിനു പരമാവധി പ്രവചിച്ചിരിക്കുന്ന സീറ്റ് 118 ആണ്– ഇന്ത്യ ടുഡേ– ആക്സിസ് മൈ ഇന്ത്യ സർവേയിൽ; ഇതേ ഏജൻസിയുമായി സഹകരിച്ചായിരുന്നു കന്നഡ ചാനലായ സുവർണയുടെ എക്സിറ്റ് പോളും. ബിജെപിക്ക് ഏറ്റവും കുറച്ചു സീറ്റ് പ്രവചിക്കുന്നതും ഇവരാണ്– 79.

കോൺഗ്രസിന് ഏറ്റവും കുറച്ചു സീറ്റ് പ്രവചിക്കുന്നത് ന്യൂസ് നേഷൻ ആണ്– 71. ‌ദളിനു വിവിധ ഏജൻസികൾ പറയുന്നത് 21–43 സീറ്റുകൾ. നിർണായകമാകാൻ സാധ്യതയുള്ളതും ഈ സീറ്റുകളിലെ വ്യതിയാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.