Latest News

റോഡില്‍ യുവതിയെ കുത്തികൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ റോഡില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആലപ്പുഴ ലജ്‌നത്തു വാര്‍ഡ് സക്കരിയ ബസാര്‍ വട്ടപ്പള്ളില്‍ റോഡില്‍ നവറോജ് പുരയിടത്തില്‍ കബീര്‍സുഹര്‍ബാന്‍ ദമ്പതികളുടെ മകള്‍ സുമയ്യ (27) യെയാണ് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പാലാരിവട്ടം ജംക്ഷനു സമീപത്തെ വീതികുറഞ്ഞ റോഡില്‍ ഇവരുടെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയത്.[www.malabarflash.com]

സുമയ്യയുടെ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വടക്കെ ചേന്നാട്ടുപറമ്പില്‍ സജീറിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ പറ്റി പോലീസ് നല്‍കുന്ന വിശദീകരണം: 10 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വഴക്കിനെ തുടര്‍ന്നു സജീറും സുമയ്യയും വേര്‍പിരിഞ്ഞാണു കഴിയുന്നത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിനു കേസും നിലവിലുണ്ട്. മക്കളായ മാഹിന്‍ ദില്‍ഷാദും, ആയിഷയും സജീറിനൊപ്പമാണു താമസം.
മൂന്നു ദിവസം മുന്‍പാണു സുമയ്യ പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിക്കെത്തിയത്. മദ്യലഹരിയിലായിരുന്ന സജീര്‍ ബുധനാഴ്ച വൈകിട്ടു സ്ഥലത്തെത്തി, കുടുംബകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു സുമയ്യയെ ഹോസ്റ്റലില്‍ നിന്നു വിളിച്ചിറക്കുകയായിരുന്നു. 

റോഡില്‍ ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് സജീര്‍ കത്തിയെടുത്തു സുമയ്യയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. സുമയ്യയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
സംഭവത്തിനു ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സജീറിനെ ചുരുങ്ങിയ സമയത്തിനകം എറണാകുളം അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍, എസ്‌ഐ വിപിന്‍കുമാര്‍ അടക്കമുള്ള പോലീസ് സംഘം പിന്തുടര്‍ന്നു പിടികൂടി. 

നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജെ. പീറ്ററിനാണ് അന്വേഷണ ചുമതല.
ഒന്‍പതു വര്‍ഷമായി ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും സുമയ്യയെ വീട്ടിലേക്കു വിട്ടിരുന്നില്ലെന്നും ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നെന്നും ആലപ്പുഴയിലെ ബന്ധുക്കള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.