Latest News

ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി

ന്യൂഡൽഹി: മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽസെക്രട്ടറിയായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയാണ് കോൺഗ്രസ് ദേശീയ നേതൃനിരയിലേക്കു നിയോഗിച്ചത്. [www.malabarflash.com]

ദിഗ്‌വിജയ് സിങ്ങിനെ ആന്ധ്രയുടെ ചുമതലയിൽ നിന്നൊഴിവാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ നിർണായക തിര‍ഞ്ഞെടുപ്പുകൾക്കു മുന്നോടിയായുള്ള കോൺഗ്രസ് സംഘടനാതല അഴിച്ചുപണിയിൽ ജനറൽ സെക്രട്ടറി പദവിയിൽ എത്തുന്നതിനു പിന്നാലെ, പാർട്ടിയുടെ ഉന്നത ഘടകമായ പ്രവർത്തക സമിതിയിലും അദ്ദേഹം അംഗമാകുമെന്നാണു സൂചന. 

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിക്കു പ്രവർത്തക സമിതി യോഗങ്ങളിൽ പങ്കെടുക്കാം.

48 വർഷം എംഎൽഎ ആയ ഉമ്മൻ ചാണ്ടി നിലവിലുള്ള 11 ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന വിലാസത്തോടെയാണു ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറുന്നത്. 

നിലവിൽ, കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാലാണു ജനറൽ സെക്രട്ടറിമാരിലെ ഏക മലയാളി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂട്ടുകെട്ടുകൾക്ക് ഒരുങ്ങുന്ന കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഉമ്മൻ ചാണ്ടിയുടെ നിയമനം. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ ചുവടുമാറ്റത്തിനു രാഷ്ട്രീയ പ്രാധാന്യമേറെ.

കെപിസിസി പ്രസിഡന്റ് നിയമനത്തിലും രാഹുലിന്റെ തീരുമാനം നിർണായകമാകും. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾ പരിഗണനാ പട്ടികയിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.