കാഞ്ഞങ്ങാട്: തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് വീട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാക്കി. അമ്പലത്തറ ഗുരുപുരത്തെ നാലുപുരപാട്ടില്‍ സൈനബയുടെ വീട്ടിലെ ഇന്ത്യാന ഗ്യാസ് സിലിണ്ടറാണ് കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച് ചോര്‍ന്നത്.[www.malabarflash.com]
വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവര്‍ ഗ്യാസ് ഏജന്‍സീസില്‍ നിന്നും സിലിണ്ടര്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. പുറത്തുവെച്ച സിലിണ്ടര്‍ രാത്രി 7 മണിയോടെയാണ് അടുക്കളയിലേക്ക് കൊണ്ടുവെച്ചത്. അപ്പോള്‍ തന്നെ ഗ്യാസ് ചോര്‍ന്നതുപോലുള്ള മണം മുറിക്കുള്ളില്‍ പടര്‍ന്നു. അടുക്കളയില്‍ നേരത്തെ ഉണ്ടായിരുന്ന ഗ്യാസ് പരിശോധിച്ചപ്പോള്‍ അതിന് ചോര്‍ച്ചയുണ്ടായിരുന്നില്ല.
പരിഭ്രാന്തരായ ഇവര്‍ പുതുതായി കൊണ്ടുവന്ന ഗ്യാസിന്റെ മുകള്‍ഭാഗം പരിശോധിച്ചപ്പോള്‍ ചോര്‍ച്ചയുണ്ടായില്ല. എന്നാല്‍ അടിഭാഗത്ത് നോക്കിയപ്പോഴാണ് ദ്രവിച്ച് ദ്വാരം വന്ന സിലിണ്ടറിലൂടെ ഗ്യാസ് പടരുന്നതായി കണ്ടത്. ഉടന്‍ തന്നെ സൈനബയും മകളുടെ മകനായ അറഫാത്തും കൂടി സിലിണ്ടര്‍ പറമ്പിലെ ആളൊഴിഞ്ഞ ദൂര സ്ഥലത്തേക്ക് മാറ്റി.
പിന്നീട് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചു. ഇവര്‍ നല്‍കിയ നമ്പര്‍ പ്രകാരം കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് അധികൃതരെയും അറിയിച്ചു. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഗ്യാസ് സിലിണ്ടര്‍ പരിസരത്തു നിന്നും മുഴുവന്‍ ആളുകളെയും മാറ്റി നിര്‍ത്തി.
നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അധികൃതര്‍ സോപ്പ് ഉപയോഗിച്ച് ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചെങ്കിലും സോപ്പ് അലിഞ്ഞുപോവുകയായിരുന്നു. പിന്നീട് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സിലിണ്ടറിലെ ഗ്യാസ് മുഴുവനും തുറന്നുവിട്ടാണ് അപകടം ഇല്ലാതാക്കിയത്.
സൈനബയുടെയും മകന്‍ അറാഫത്തിന്റെയും അവസരോചിതമായ ഇടപെടലിലൂടെ ഏഴംഗ കുടുംബവും അയല്‍വാസികളും വന്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരുപക്ഷെ ഗ്യാസിന്റെ ചോര്‍ച്ച ശ്രദ്ധിക്കാതെ പകരമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിച്ചിരുന്നെങ്കില്‍ ഒരു പ്രദേശമാകെ ചാമ്പലാകുമായിരുന്നു. സൈനബയുടെ വീട്ടില്‍ അറഫാത്തിന് പുറമെ സഹോദരി ബീഫാത്തിമ, മക്കളായ ഷഫാദ്, ഷാനിദ്, ദില്‍ഷാദ്, ഷിഹഫാത്തിമ എന്നിവരാണ് താമസം.
രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമന സേനയിലെ ലീഡിംഗ് ഫയര്‍മാന്‍ ഗോപാലകൃഷ്ണന്‍, ഫയര്‍മാന്മാരായ സണ്ണി ഇമ്മാനുവേല്‍, പ്രജീഷ്, മനു, നാരായണന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ രതീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
No comments:
Post a Comment