Latest News

രാജ്യസഭാ സീറ്റ്; കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി

കോഴിക്കോട്: കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയത്.[www.malabarflash.com]

രാജ്യസഭാ സീറ്റിലേക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയില്ലെങ്കില്‍ വോട്ട് നല്‍കില്ലെന്ന് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ തീരുമാനിക്കണമെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുന്നണിയെ ബലപ്പെടുത്താനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാല്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം നേട്ടത്തിന് വേണ്ടിപ്പോയ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ആത്മഹത്യാപരമാണെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ പോലും ഭാഗമല്ല. മുന്നണിയില്‍ മടങ്ങി വരുന്നത് സംബന്ധിച്ച് തീരുമാനം അടുത്ത ദിവസം സ്വീകരിക്കുമെന്നാണ് മാണി പറഞ്ഞത്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും നിഹാല്‍ പറഞ്ഞു.

നേതൃത്വത്തിന്റെ തീരുമാനത്തെ കെ.എസ്.യു സംസ്ഥാന നേതൃത്വവും വിമര്‍ശിച്ചിരുന്നു. ചെങ്ങന്നൂരില്‍ നിന്നും പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ലെന്ന് കെ.എസ്.യു വിമര്‍ശിച്ചു.

ഈ തീരുമാനത്തെ കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുവും വിമര്‍ശിച്ചു. മാണിയോട് പ്രേമമുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്ന് മാണി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് എന്‍എസ്‌യു ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു.

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.