Latest News

കരിഞ്ചോലമല ഉരുൾപൊട്ടൽ: നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 12

കോഴിക്കോട്∙ താമരശ്ശേരിക്കു സമീപം കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടലിൽ ശനിയാഴ്ച നാലു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഔദ്യോഗിക കണക്കു പ്രകാരം ഇനി രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്.[www.malabarflash.com]

 ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ഹസന്റെ മകൾ നുസ്റത്ത് (26), നുസ്റത്തിന്റെ മകൾ റിൻഷ മെഹറിൻ (4),ഹസന്റെ മകൻ മുഹമ്മദ്‌ റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച പുറത്തെടുത്തത്.

നുസ്റത്തിന്റെ രണ്ടാമത്തെ മകൾ റിഫ മറിയത്തിന്റെ(ഒന്നര) ശരീരം വെള്ളിയാഴ്ച രാവിലെയോടെ കണ്ടെടുത്തിരുന്നു. ഹസന്റെ ഭാര്യ ആസിയ, കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ എന്നിവരെയാണ് കണ്ടെത്താനുള്ളത്. 

കോഴിക്കോടുനിന്നെത്തിയ ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഹസന്റെ വീട്ടിൽനിന്ന് കാൽകിലോമീറ്ററോളം ദൂരംപോലീസ് നായ മണംപിടിച്ചെത്തി. തുടർന്ന് ഈ ഭാഗത്ത് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

ഉച്ച കഴിഞ്ഞ് മൂന്നരയോടെ മണ്ണിനടിയിൽ രണ്ടുമീറ്ററോളം ആഴത്തിലാണ് നാലു മൃതദേഹങ്ങളും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ അഞ്ചരയ്ക്കു ശേഷമാണ് ഉരുൾപൊട്ടിയത്. തുടർന്ന് മൂന്നു പകലുകളായി തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മലയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്തിനുമുകളിൽ രക്തത്തിനു സമാനമായ ദ്രവം കണ്ടെത്തിയിരുന്നു. തുടർന്ന് ലാബിൽ നടത്തിയ പരിശോധനയിൽ രക്തമല്ലെന്നു സ്ഥിരീകരിച്ചു. 40 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഒരു സംഘം കൂടി ഇന്നലെ തിരച്ചിലിനായെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ, 280 പേരുള്ള അഗ്നിരക്ഷാസേന എന്നിവയ്ക്കൊപ്പം പോലീസുകാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

അഗ്നിരക്ഷാസേനയെ ഉൾപ്പെടുത്തി പത്തു സംഘങ്ങൾ പൂനൂർ പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്. രാത്രി ഏഴരയോടെ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവച്ചു.ഞായറാഴ്ച രാവിലെ ആറരയോടെ വീണ്ടും തിരച്ചിൽ തുടങ്ങും. കൊച്ചിയിൽ നിന്നെത്തിച്ച ലാൻഡ് സ്കാനർ ഉപയോഗിച്ച് ഞായറാഴ്ച മണ്ണിനടിയിൽ പരിശോധന നടത്തുമെന്ന് കാരാട്ട് റസാക്ക് എംഎൽഎ പറഞ്ഞു.

വെട്ടിയൊഴിഞ്ഞതോട്ടം ഗവ.യുപി സ്കൂൾ, ചുണ്ടൻകുഴി സ്‌കൂൾ, കട്ടിപ്പാറ നുസ്രത്ത് സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളിലായി 246 പേരുണ്ട്. നിയുക്ത രാജ്യസഭ എംപി എളമരം കരീം, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎഎൽമാരായ പുരുഷൻ കടലുണ്ടി, എം.കെ മുനീർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.