കാഞ്ഞങ്ങാട്: ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ച് ജിത്തുവും കാമുകി സുനിതയും എത്തിയത് തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത്. മേട്ടുപ്പാളയത്തെ നന്ദ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ജൂണ്‍ 2നാണ് പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന്റെ ഭാര്യയുമായ സുനിത (24) നാലര വയസുള്ള മകളുമായി സ്‌കൈ പാലസിലെ ഓപ്പറേഷന്‍ മാനേജര്‍ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനോടൊപ്പം ഒളിച്ചോടിയത്.
ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സുനിതയുടെ മൊബൈല്‍ഫോണ്‍ മേട്ടുപ്പാളയം ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മേട്ടുപ്പാളയം പോലീസിന്റെ സഹായത്തോടെയാണ് അമ്പലത്തറ എസ്‌ഐ ചന്ദ്രനും ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സുനിതയെയും കുഞ്ഞിനെയും നാട്ടിലേക്ക് കൊണ്ടുവന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
ഗള്‍ഫിലുള്ള സുനിതയുടെ ഭര്‍ത്താവ് രതീഷ് നാട്ടിലേക്ക് മടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സുനിത നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സുനിതയും കാമുകന്‍ ജിത്തുവും രതീഷിന് മൊബൈലില്‍ ശബ്ദസന്ദേശം അയക്കുകയും ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പോവുകയാണെന്നും പോലീസില്‍ പരാതി പറയാന്‍ നില്‍ക്കേണ്ടെന്നും പരാതി നല്‍കിയാല്‍ വിവാഹമോചന കേസ് ഫയല്‍ചെയ്യുമെന്നും അറിയിച്ചത്.
സുനിതയും ഞാനും ഇഷ്ടത്തിലാണെന്നും ഞങ്ങള്‍ രണ്ടുപേരും ഇന്ത്യതന്നെ വിട്ടുപോകുമെന്നുമായിരുന്നു ജിത്തു രതീഷിനെ അറിയിച്ചത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇന്ത്യക്കകത്ത് തന്നെ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അമ്പലത്തറ പോലീസ് രാജ്യവ്യാപകമായി ഊര്‍ജിതമായ അന്വേഷണം നടത്തിയത്.
No comments:
Post a Comment