ഉദുമ: വീട് തകർന്ന് വീട്ടമ്മ പെരുവഴിയിലായി കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് പിറക് വശം തനിച്ച് താമസിക്കുന്ന സി.എച്ച് ലക്ഷ്മിയുടെ വീടാണ് ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ തകർന്നടിഞ്ഞത്. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കേ തകർന്നടിയുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.[www.malabarflash.com]
രാത്രി 7 മണിയോടേയായിരുന്നു സംഭവം കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലെത്തിയ വീട് മഴയിൽ മൊത്തമായും തകർന്നു. ഇതോടെ പെരുവഴിയിലായ ലക്ഷ്മി ഇപ്പോൾ അയൽവാസികളുടെ വീട്ടിലാണ് അഭയം തേടിയിരിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലിലൂടെ കിട്ടുന്ന വരുമാനത്തിലായിരുന്നു ലക്ഷ്മി ജീവിതം തള്ളിനീക്കിയിരുന്നത്. ഇതിനിടെ രോഗം അലട്ടിയതോടെ ഇപ്പോൾ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. വീടിനായി പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകി അവരുടെ പട്ടികയിൽ ഉൾപെട്ടിട്ടും ഓരോരൊ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു.
ലക്ഷ്മിയുടെ ഭർത്താവ് ഗോപാലൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മക്കൾ കുടുംബത്തോടൊപ്പം വേറേയാണ് താമസം. ഏകാന്ത ജീവിതം നയിക്കുമ്പോഴും ഒരു അടച്ചുറപ്പുള്ള വീട് വേണമെന്നത് മാത്രമായിരുന്നു ഈ അമ്മയുടെ ആഗ്രഹം. അത് നടക്കില്ലെന്ന് മാത്രമല്ല താമസിച്ചു വന്നിരുന്ന വീടും നിലംപതിച്ചതോടെ എല്ലാ തരത്തിലും തകർന്നിരിക്കുകയാണ് ലക്ഷ്മി.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ്, ഭരണ സമിതിയംഗങ്ങൾ ഉദ്യോസ്ഥർ സ്ഥലതെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പഞ്ചായത്ത് എ ഇ, ഓവർസിയർ എന്നിവർ നാശനഷ്ടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി വില്ലേജ് ഓഫീസർക്ക് കൈമാറി.
കാലവർഷക്കെടുതിയിൽ വീട് തകർന്നവർക്കുള്ള സാമ്പത്തിക സഹായത്തിനുള്ള പരിശോധന ഇപ്പോൾ പഞ്ചായത്ത് എഇയോ, ഓവർസിയറോ നടത്താനായിരുന്നു നിർദ്ദേശം. മുമ്പ് വില്ലേജ് ഓഫീസർ നടത്തിയിരുന്ന പരിശോധനയാണ് കഴിഞ്ഞ മെയ് മാസം മുതൽ മാറ്റിയത്.
No comments:
Post a Comment