Latest News

അഭിമന്യു വധം: ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം പിടിയിൽ

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളും ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആലുവ സ്വദേശി എസ്. ആദിലിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കൊലപാതക സംഘത്തിൽ ആദിലുണ്ടായിരുന്നുവെന്നു പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എടത്തല ചുണങ്ങംവേലിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ചെമ്മലപ്പടിയിൽ അബ്ദുൽ സലീമിന്റെ മകനാണ് സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ആദിൽ. ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ സലീം ഇപ്പോൾ റിമാൻഡിലാണ്.

അഭിമന്യു വധക്കേസിൽ നേരത്തെ ഒൻപതു പേരെ പിടികൂടിയിരുന്നുവെങ്കിലും കൊലപാതക സംഘത്തിൽപ്പെട്ട ഒരാൾ പിടിയിലാകുന്നത് ആദ്യമാണ്. വിവിധ ഭാഗങ്ങളിൽ നിന്നു കൊലപാതക സംഘത്തെ ഏർപ്പാടാക്കുകയും കോളജിലെത്തിക്കുന്നതിന്റെ ഏകോപനം നിർവഹിക്കുകയും ചെയ്ത ആദിൽ കൊലപാതകം നടക്കുന്നതു വരെ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നു പോലീസ് അറിയിച്ചു.

ആദിലിന്റെ സഹോദരൻ ആസിഫ് ഉൾപ്പെടെ മറ്റു രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതക സംഘത്തിൽ 17 പേരുണ്ടെന്നാണു പോലീസ് നിഗമനം. അതേസമയം കൊലപാതകത്തിനു പിറകിൽ വർഗീയതയുണ്ടെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

അക്രമികൾ എത്തിയ ബൈക്കുകളടക്കം അഞ്ചു വാഹനങ്ങൾ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി എറണാകുളം ജില്ലയിൽ നിന്ന് 118 എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് ജില്ലാ പരിധിയിൽ നിന്നു 97 പേരെയും റൂറൽ ജില്ലയിൽ നിന്ന് 21 പേരെയുമാണ് ഇങ്ങനെ പിടികൂടിയത്.

ആദിലിന്റെ ചിത്രവും പൂർണ വിവരങ്ങളും പോലീസ് പുറത്തു വിട്ടിട്ടില്ല. അഭിമന്യുവിനൊപ്പം അക്രമത്തിൽ പരുക്കേറ്റവരുടെ മുൻപിൽ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടതിനാലാണ് ഇത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.