കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് സ്വര്‍ണമാലയും പണവും മൊബൈല്‍ഫോണും ടിക്കറ്റ്കൗണ്ടര്‍ മെഷീനും തട്ടിയെടുത്തു.[www.malabarflash.com]
കാഞ്ഞങ്ങാട് നിന്നും ഉപ്പിലിക്കൈ വഴി പരപ്പയിലേക്ക് സര്‍വ്വീസ് നടത്തുന്ന എംആര്‍എസ് ബസിലെ കണ്ടക്ടറും കാലിച്ചാനടുക്കം സ്വദേശിയുമായ കെ യദുകൃഷ്ണ(27)നാണ് അക്രമത്തിനിരയായത്.
തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് പോകുമ്പോള്‍ അഞ്ചരയോടെ ഉപ്പിലിക്കൈ വയല്‍റോഡില്‍ വെച്ചാണ് സംഭവം.
റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് കെഎല്‍ 60 ജെ 6041 നമ്പര്‍ കാര്‍ ഡ്രൈവറും ഓട്ടോറിക്ഷ ഡ്രൈവറും തമ്മില്‍ വാക്കേറ്റം നടത്തുന്നതിനിടയില്‍ ബസിന് കടന്നുപോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓട്ടോറിക്ഷ തൊട്ടടുത്ത പറമ്പിലേക്ക് മാറ്റിയിട്ടെങ്കിലും പ്രകോപിതനായ കാര്‍ ഡ്രൈവറും കാറിലുണ്ടായിരുന്നവരും യദുകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
യദുകൃഷ്ണന്റെ കഴുത്ത് പിടിച്ച് മുഖത്ത് ആഞ്ഞ് കുത്തുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. ഇതിനിടയില്‍ റോഡില്‍ വീണ് മൂക്കിന് പരിക്കേറ്റ് രക്തം വാര്‍ന്ന യദുകൃഷ്ണനെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തിനിടയില്‍ യദുവിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കളക്ഷന്‍ തുകയായ പതിനായിരം രൂപയും മൊബൈലും ടിക്കറ്റ് കൗണ്ടര്‍ മെഷീനും തട്ടിയെടുക്കുകയും ചെയ്തു.
കാറിലുണ്ടായിരുന്ന സംഘം മദ്യലഹരിയിലായിരുന്നുവെന്നും ഈ കാര്‍ സ്‌കൂള്‍ വിടുന്ന സമയത്ത് പതിവായി ഇതുവഴി കറങ്ങാറുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
വാഴുന്നോറൊടി-മോനാച്ച റോഡില്‍ ഉപ്പിലിക്കൈയില്‍ വയലിന് നടുവിലൂടെ വീതി കുറവായതിനാല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഏറെ പ്രയാസമാണെന്നും, പലപ്പോഴും എതിരെനിന്ന് വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ഏറെ സമയം കുടുങ്ങിക്കിടക്കുന്നതിനാല്‍ സമയനഷ്ടം ഉണ്ടാകുന്നതായും ബസ് ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഇതുവഴിയുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment