Latest News

സമ്മാനത്തുക സഹപാഠിക്ക്; മേലാങ്കോട്ടെ കുരുന്നുകൾ മാതൃക കാട്ടി

കാഞ്ഞങ്ങാട്: നാട്ടിലെങ്ങും ഫുട്ബോളിന്റെ ആഘോഷം നിറഞ്ഞു പെയ്യുന്നതിനിടെ മേലാങ്കോട്ട് നിന്ന് സ്നേഹത്തിന്റെ ഉദാത്ത മാതൃക.
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ വിദ്യാർഥികളായ ശ്രീനന്ദൻ.കെ.രാജ് ,രാമു ജയൻ എന്നിവരാണ് തങ്ങൾക്ക് കിട്ടിയ വിലപ്പെട്ട സമ്മാനം സഹപാഠിക്ക് നൽകി സ്നേഹത്തിന്റെ നല്ല പാഠം രചിച്ചത്.[www.malabarflash.com]


ബേക്കൽ പള്ളിക്കര കണ്ണം വയലിലെ സംഘചേതന റീഡിംഗ് റൂം സംഘടിപ്പിച്ച ജില്ലാതല മെഗാ ഫുട്ബോൾ മത്സരത്തിൽ ആറാം തരത്തിലെ ശ്രീനന്ദന് ഒന്നാം സമ്മാനമായി ലഭിച്ച ആയിരം രൂപയും അഞ്ചാം തരത്തിലെ രാമു ജയന് മൂന്നാം സമ്മാനമായി ലഭിച്ച അഞ്ഞൂറ് രൂപയുമാണ് സ്കൂളിലെ ഏഴാം തരം വിദ്യാർഥി അക്ഷയിന്റെ കുടുംബ സഹായ നിധിയിലേക്ക് നൽകിയത്.
അക്ഷയിന്റെ അച്ഛൻ വിജയൻ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴെക്ക് വീണ് അരയ്ക്ക് താഴെ തളർന്ന് മാസങ്ങളായി ചികിത്സയിലാണ്. പ്രായം തളർത്തിയ മുത്തച്ഛഛനും മുത്തശ്ശിയും ചോർന്നൊലിക്കുന്ന കൂരയിലാണ് താമസം.
അക്ഷയും സഹോദരി പത്താംതരം വിദ്യാർഥിനി പ്രജിനയും ഇളയമ്മയുടെ സംരക്ഷണയിൽ ഇരിയ സായി കൂടീരത്തിൽ നിന്നാണ് സ്കൂളിലെത്തുന്നത്. കിടക്കാൻ വീടില്ലാതെ പരിചരിക്കാൻ അച്ഛനമ്മമാരില്ലാതെ ദുരിതത്തിൽ കഴിയുന്ന അക്ഷയിന്റെ കുടുംബത്തെ സഹായിക്കാനുള്ള സ്കൂൾ തുടക്കം കുറിച്ച കാരുണ്യ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടികൾക്ക് സമ്മാനം കിട്ടിയത്.
സമ്മാനത്തുക ലഭിച്ച ദിവസം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ മനസ്സു കാണിച്ച കുരുന്നുകളെ സ്കൂൾ അസംബ്ലി വിളിച്ചു കൂട്ടി അഭിനന്ദിച്ചു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ കുട്ടികളെ അനുമോദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.