Latest News

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി; യുവതിക്ക് ജിവപര്യന്തം തടവും പിഴയും

കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപെടുത്തിയ കേസ്സില്‍ യുവതിക്ക് ജിവപര്യന്തം ശിക്ഷ. അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.[www.malabarflash.com] 

കുമ്പള കണ്ണാംബട്ടിയിലെ അബ്ദുര്‍ റഹ് മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസിരിയ (21)യെ കൊലപ്പെടുത്തിയ കേസില്‍ ആദ്യഭാര്യയായ ഗോവ സ്വദേശിനി മിസിരിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.

2011 ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെടുന്ന സമയത്ത് നഫീസത്ത് മിസിരിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 

കിടപ്പുമുറിയുടെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ചാണ് മിസിരിയ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസിരിയ ചികിത്സക്കിടയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. പൊള്ളലേറ്റ അബ്ദുര്‍ റഹ് മാനും ഏറെക്കാലം ചികിത്സയിലായിരുന്നു.

കുമ്പള സിഐയായിരുന്ന യു പ്രേമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള സിഐ ആയിരുന്ന ടി പി രഞ്ജിത്താണ്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 34 പേരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി. 

പിഴയടച്ചില്ലെങ്കിലും പ്രതി മൂന്നു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇതോടൊപ്പം തന്നെ 307 വകുപ്പ് അനുസരിച്ച് അഞ്ചു വര്‍ഷം തടവിനും മിസ് രിയയെ ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.