Latest News

പ്രണയാഭ്യർഥന നിരസിച്ച യുവതിക്ക് ട്രെയിനിൽ ആസിഡ് ആക്രമണം; യുവാവ് പിടിയിൽ

കൊട്ടാരക്കര: പ്രണയാഭ്യർഥന നിരസിച്ച യുവതിക്കു നേരെ ട്രെയിനിൽ യുവാവിന്റെ ആസിഡ് ആക്രമണം. പുനലൂർ മണിയാർ ഓളംകാവ് ബിജുഭവനിൽ ബിജിനി (18) യെ 35% പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

സംഭവത്തിൽ പുനലൂർ പ്ലാത്തറ കളിലൂവിള വീട്ടിൽ എ.അരുണിനെ (18) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

ട്രെയിനിൽ സമീപത്തെ സീറ്റിലുണ്ടായിരുന്ന കൊല്ലം അഷ്ടമുടി മണലിക്കര വാഴക്കൂട്ടത്തിൽ വീട്ടിൽ അലോഷ്യസി (22) നും പൊള്ളലേറ്റു. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ പുനലൂരിലേക്കു പോയ ഗുരുവായൂർ എക്സ്പ്രസ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം.

പ്ലസ് ടുവിനുശേഷം കൊല്ലത്തു തൊഴിലധിഷ്ഠിത പഠനം നടത്തുന്ന ബിജിനി അവിടെ നിന്നു വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. അരുണും കൊല്ലത്തുനിന്നാണു ട്രെയിനിൽ കയറിയത്. കൊട്ടാരക്കര സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങിയ അരുൺ ബിജിനി ഇരുന്ന ബോഗിയുടെ പരിസരത്തെത്തി. പിന്നീട് ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ കുപ്പിയിൽ സൂക്ഷിച്ചിരുന്ന സൾഫ്യൂരിക് ആസിഡ് ജനലിലൂടെ ബിജിനിയുടെ നേർക്ക് ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റവരെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ആസിഡ് ഒഴിച്ചശേഷം അരുൺ ഷർട്ട് മാറ്റി ടീ ഷർട്ടിട്ടു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ത‍ടഞ്ഞുനിർത്തി പോലീസിനെ അറിയിച്ചു.

നിരപരാധിയായി ആദ്യം അഭിനയിച്ചെങ്കിലും സിഐ ബി.ഗോപകുമാറിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രേമാഭ്യർഥന നിരസിച്ചതാണു വൈരാഗ്യകാരണമെന്നാണു ബിജിനി പോലീസിൽ നൽകിയ മൊഴി.

സഹപാഠികളായ ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. പിന്നീട് പിണങ്ങി. അരുൺ ഉപദ്രവിച്ചെന്ന് കാട്ടി ബിജിനി ഏതാനും ദിവസം മുൻപ് പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അരുണിനെ താക്കീതു ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതുന്നത്.

പുനലൂരിലെ സ്കൂളിൽ നിന്ന് ആസിഡ് മോഷ്ടിച്ചാണ് ആക്രമണം നടത്തിയതെന്നു പ്രതി പറയുന്നു. സംഭവത്തിൽ റെയിൽവേ പോലീസും അന്വേഷണം നടത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.