Latest News

മജിസിയ ഭാനുവിന് ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇനി ആത്മവിശ്വാസത്തോടെ പങ്കെടുക്കാം; പിന്തുണയുമായി കെപികെ ഗ്രൂപ്പ്

കോഴിക്കോട്: മജിസിയ ഭാനുവിന് തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇനി ആത്മവിശ്വാസത്തോടെ പങ്കെടുക്കാം. യുഎഇ കേന്ദ്രീകരിച്ചുള്ള കെപികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മജിസിയയുടെ മത്സരത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് പൂര്‍ണ്ണമായി ഏറ്റെടുത്തു.[www.malabarflash.com]

ഒക്‌ടോബറില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മജിസിയയുടെ എല്ലാ ചിലവും വഹിക്കുമെന്ന് കമ്പിനി എംഡി കെ.പി.കെ. റയീസ് അറിയിച്ചതായി മജിസിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ചെക്കും കൈമാറി. മറ്റൊരു കമ്പനിയും സമാനമായ സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. പവര്‍ലിഫ്റ്റിംഗിലെ നേട്ടങ്ങള്‍ക്കു പിറകെയാണ് പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് മജിസിയ തെളിയിച്ചത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയ മത്സരത്തില്‍ വിജയിയായത്. എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പിനു പോകാന്‍ പണമില്ലാതെ വന്ന സാഹചര്യത്തിലാണ് മജിസിയ സഹായം ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. മാധ്യമങ്ങളിലെ വാര്‍ത്തകളും സോഷ്യല്‍മീഡിയ വഴിയുള്ള സന്ദേശങ്ങളും കണ്ട് നിരവധി പേര്‍ സഹായ വാഗ്ദാനവുമായി എത്തിയതായും മജിസിയ അറിയിച്ചു.

സ്‌പോണ്‍സര്‍മാരെ ലഭിച്ചതോടെ ആത്മവിശ്വസം വര്‍ദ്ധിച്ചെന്നും മെഡലുമായി തിരിച്ചുവരുമെന്നും മജിസിയ ഭാനു കൂട്ടിച്ചേര്‍ത്തു. 

കെപികെ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അസീസ് അബ്ദുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്, ദേശീയ അണ്‍ എക്യുപ്ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് എന്നിവയില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട് മജിസിയ ഭാനു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.