ഇരിട്ടി: ഇരിട്ടി പുതിയ സ്റ്റാന്റിലെ മുസ്ലിംലീഗ് ഓഫിസായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സ്മാരക കെട്ടിടത്തിനുള്ളില്‍ വന്‍ സ്ഫോടനം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഓഫിസിന്റെ കോണ്‍ഫറന്‍സ് ഹാളിനുസമീപത്തു നിന്ന് ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തു.
ഉഗ്രശേഷിയുള്ള മൂന്ന് നാടന്‍ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പു ദണ്ഡുകളും രണ്ട് മരദണ്ഡുകളുമാണ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ സ്ഫോടനം നടന്നത് ലീഗ് ഓഫിസ് കെട്ടിടമായ സിഎച്ച് സൗധത്തില്‍ നിന്നാണെന്നു പോലിസ് സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരിട്ടി നഗരത്തെ നടുക്കിയ സ്ഫോടനം നടന്നത്. പുതിയ സ്റ്റാന്റിന് സമീപത്തെ മൂന്നുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ മൂന്ന് കെട്ടിടങ്ങള്‍ക്കു കനത്ത നാശമുണ്ടായി. സമീപം നിര്‍ത്തിയിട്ട നാലു കാറുകള്‍ ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിലെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറി. സ്ഫോടന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളിലുള്ളവരും ബസ് സ്റ്റാന്റിലുള്ളവരും ചിതറിയോടി.
ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പോലിസും ഫയര്‍ഫോഴ്സും നടത്തിയ പ്രാഥമിക പരിശോധനയില്‍ എയര്‍കണ്ടീഷനറുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു നിഗമനം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനുള്ളില്‍ വന്‍ വിള്ളല്‍ കണ്ടെത്തി.
സ്ഫോടനത്തില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഭിത്തിയുടെ ഒരുഭാഗവും ഓഫിസിലെ കസേരകളും ചിന്നിച്ചിതറി. കൂറ്റന്‍ സിമന്റ് കട്ടകള്‍ മീറ്ററോളം അകലെ തെറിച്ചുവീണു. സിമന്റ് കട്ടകള്‍ പതിച്ചാണ് കാറുകള്‍ തകര്‍ന്നത്.
സ്ഫോടനത്തില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഭിത്തിയുടെ ഒരുഭാഗവും ഓഫിസിലെ കസേരകളും ചിന്നിച്ചിതറി. കൂറ്റന്‍ സിമന്റ് കട്ടകള്‍ മീറ്ററോളം അകലെ തെറിച്ചുവീണു. സിമന്റ് കട്ടകള്‍ പതിച്ചാണ് കാറുകള്‍ തകര്‍ന്നത്.
സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നു സ്ഥിരീകരിച്ചതോടെ പോലിസ് കെട്ടിടം അടച്ചിട്ടു. വൈകീട്ട് അഞ്ചോടെ ബോംബ് സ്ക്വഡ് നടത്തിയ പരിശോധനയില്‍ ഉഗ്ര ശേഷിയുള്ള ഐസ്ക്രീം ബോംബാണ് പൊട്ടിയതെന്ന് തെളിഞ്ഞു. ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലിസ് ശേഖരിക്കുന്നതിനിടെ ഓഫിസിന്റെ ഗോവണിക്കു മുകളില്‍ കൂട്ടിയിട്ട സാധനങ്ങള്‍ക്കിടയില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങളും മൂന്ന് നാടന്‍ ബോംബുകളും കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വഡും സ്ഥലത്ത് പരിശോധന നടത്തി.
സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മട്ടന്നൂര്‍ സിഐ ജോഷി ജോസ്, ഇരിട്ടി എസ്ഐ പി സുനില്‍കുമാര്‍, ബോംബ് സ്ക്വഡ് എസ്ഐ ശശിധരന് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.


No comments:
Post a Comment