Latest News

ഈസ്റ്റ് എളേരി പഞ്ചായത്തിന് പിഴയിട്ട വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങി

വെള്ളരിക്കുണ്ട്: അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് 1,23,532 രൂപ പിഴ ചുമത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. പണമടച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു.[www.malabarflash.com]

അതേസമയം അപകടകരമാവിധം വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.ചിറ്റാരിക്കാല്‍ ടൗണിലെ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് നല്‍കിയ താല്‍കാലിക വൈദ്യുതി കണക്ഷനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. 

വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിലെ അസി. എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ പരിശോധിച്ചതിന് പിന്നാലെയാണ് നടപടി.
താല്‍ക്കാലിക വൈദ്യുതി കണക്ഷനില്‍ നിന്നും വാണിജ്യാവശ്യത്തിന് വേണ്ടി വൈദ്യുതി ഉപയോഗിച്ചതിനാണ് പഞ്ചായത്തിന് 1,23,532 രൂപ പിഴയിട്ടത്. പണമടച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ വിഛേദിക്കുമെന്നും അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് താല്‍ക്കാലിക കണക്ഷന്‍ അടക്കമുള്ള അധിക തുക, വൈദ്യുതി ഉപയോഗത്തിന് മുന്‍കൂറായി ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അടച്ചിരുന്നുവത്രെ.
ഈ വിവരം പഞ്ചായത്ത് സെക്രട്ടറി വൈദ്യുതി വകുപ്പ് മന്ത്രിയെ ഇമെയില്‍ വഴി അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിയുടെ ഓഫീസ് നല്ലോംപുഴ ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ഷാമിനോട് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് പഞ്ചായത്തിനെതിരായ നടപടി താല്‍ക്കാലികമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി ഉണ്ടായേക്കും.
നൂറുകണക്കിന് സ്‌കൂള്‍വിദ്യാര്‍ത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന മെയിന്‍ റോഡരികില്‍ നിലത്ത് മുട്ടുന്ന വിധത്തിലാണ് പഞ്ചായത്തിന്റെ കെട്ടിടത്തിന് താല്‍ക്കാലിക കണക്ഷന്‍ നല്‍കിയത്. മഴയില്‍ നനഞ്ഞ് കിടക്കുന്ന കണക്ഷന്‍ ബോര്‍ഡ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് മറച്ചിരുന്നത്. വൈദ്യുതി സര്‍വ്വീസ് വയറുകള്‍ തറയില്‍ക്കൂടി വലിച്ചിട്ട നിലയിലാണ്. ഇതില്‍ നിന്നാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞിട്ടും താല്‍ക്കാലിക കണക്ഷന്‍ മാറ്റിയിട്ടില്ല. ബസ് സ്റ്റാന്റിലും പമ്പ് സെറ്റിലേക്കുമെല്ലാം ഈ കണക്ഷന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 

ഉദ്യോഗസ്ഥരുടെ അനാസ്ഥ മറച്ച് വെച്ചാണ് പഞ്ചായത്തിനെതിരെ വൈദ്യുതി വകുപ്പ് നടപടിയുമായി വന്നതെന്നും ചില താല്‍പര്യങ്ങള്‍ ഇതിന് പിന്നി ലുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ പറഞ്ഞു. വൈദ്യുതി വിഛേദിക്കാനുള്ള നടപടിയുമായിവന്ന ഇലക്്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്തു പ്രസിഡന്റ് ജെസിടോം പറഞ്ഞു. 

പഞ്ചായത്തിലെ കത്താത്ത തെരുവുവിളക്കുകള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് നല്‍കാന്‍ കഴിയില്ലെന്ന് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായി വൈദ്യുതി വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല നേതാവിന്റെ പകപോക്കലാണിത്. 

ബസ് സ്റ്റാന്റിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് നല്‍കാന്‍ കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായതാണ് താല്‍ക്കാലിക കണക്ഷനിലുള്ള വൈദ്യുതിയുപയോഗിച്ച് ബസ് സ്റ്റാന്റിലെ ശൗച്യാലയവും, കുടിവെള്ള സംവിധാനവും, രണ്ട് കോഫീ ഹൗസുകളും പ്രവര്‍ത്തിക്കേണ്ടി വന്നത്. ഇത് ജനങ്ങള്‍ക്ക് വേണ്ടി യാണെന്നും വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ പറയുന്നു. 

താല്‍ക്കാലിക കണക്ഷനില്‍ വൈദ്യുതി ഉപയോഗിക്കുകയും 28,000 രൂപ പ്രതിമാസം പഞ്ചായത്ത് നല്‍കുകയും ചെയ്യുന്നുണ്ടെന്നും ഇതൊക്കെ മറച്ചുവെച്ച് ഉദ്യോഗസ്ഥര്‍ പകപോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.