കാസര്‍കോട്: പ്രളയ ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജന കൂട്ടായ്മയ്ക്ക് മുന്നില്‍ വെച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍ ആവശ്യപ്പെട്ടു.[www.malabarflash.com]
ജില്ലയിലെ അടക്കാ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളനാശ നഷ്ടത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുക, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ അനാസ്ഥയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി ജില്ലാകമ്മറ്റി കലക്ട്രേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിലേക്ക് പണം ഒഴുകുകയാണ്. ഇത് ഏത് അകൗണ്ടിലേക്കാണ് പോകുന്നതെന്നും ആര്‍ക്കു വേണ്ടി ചെലവഴിച്ചു എന്നത് കേരളത്തിലെ ജനസമൂഹം അറിയണം. പ്രളയ ദുരന്തം നേരിടാന്‍ കേരള ജനത ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. നിവര്‍ന്നു നില്‍ക്കാനായപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വരേയും മാറ്റി നിര്‍ത്തുകയാണ്.
മോദി സര്‍ക്കാരില്‍ നിന്ന് നല്ല പരിഗണനയാണ് കേരളത്തിന് ലഭിച്ചത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് കേന്ദ്രത്തിന് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്രത്തെ സര്‍ക്കാരിനെതിരെ നുണപ്രചരണങ്ങള്‍ നടത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഇടത് സര്‍ക്കാരും.
ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്ന ഉല്പന്നങ്ങള്‍ സിപിഎം പാര്‍ട്ടി ഓഫീസിലേക്കും സ്വന്തക്കാര്‍ക്കുമായാണ് വിനിയോഗിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് സിപിഎമ്മിന്റേതാക്കിമാറ്റാണ് ശ്രമിക്കുന്നത്. ഒരാളുടേയും ആഹ്വാനത്തിന് കാത്ത് നില്‍ക്കാതെ സേവാഭാരതിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ദുതിത വാദിതരെ രക്ഷിക്കാനും പുനരധിവാസ പ്രവര്‍ത്തനത്തിലും സജീവ പങ്കാളികളായി. ഈ പ്രവര്‍ത്തനത്തെ ഇവിടത്തെ മധ്യമങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയായിരുന്നു.
പ്രാഥമികമായി അനുവദിച്ച 10000 രൂപ പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ഇനിയും എത്തിയിട്ടില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കേന്ദ്ര കാലവസ്ഥ നീരീക്ഷണ കേന്ദ്രം നാല് ദിവസം മുമ്പ് റെഡ് അലേര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുഖവിലക്കെടുക്കുകയോ മുന്‍കരുതലോ എടുത്തില്ല. സര്‍ക്കാര്‍ വരുത്തി വെച്ച ദുരന്തമാണിത്.
ഓഖി ഫണ്ട് വകമാറ്റി ചെലവൊഴിച്ചതുപോലെ ഇതില്‍ കൈയിട്ടു നക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും കെ.പി.ശ്രീശന്‍ പറഞ്ഞു.
പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം.സഞ്ചീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം പി.രാമപ്പ, തുടങ്ങിയവര്‍ സംസാരിച്ചു.
ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment