Latest News

വേതനം നല്‍കാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഫാസിസ്റ്റ് നയം തിരുത്തണം: രവീശതന്ത്രി കുണ്ടാര്‍

പള്ളിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേതനം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഫാസിസ്റ്റ് നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിഅംഗം രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു.[www.malabarflash.com] 

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വിവേചനം അവസാനിപ്പിക്കുക, ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ജുഡീഷ്യല്‍ അന്വോഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി പള്ളിക്കര പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ശമ്പളം നല്‍കാന്‍ സാധിക്കാത്ത ജീവനക്കാരുടെ വീടുകളിലെത്തി ഭരണകക്ഷി സംഘടനാ നേതാക്കളെ കൊണ്ട് ഭീഷണിപ്പെടുത്തുകയാണ്. ജനങ്ങള്‍ സ്വന്തം നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുള്ള പണം കോടികള്‍ കവിഞ്ഞിരിക്കുകയാണ്. ഈ പണം എത്രയാണെന്ന് കൃത്യമായി വെളിപ്പെടുത്താനും ആര്‍ക്കൊക്കെ നല്‍കിയെന്ന് വ്യക്തമാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായില്ല. 

ദുരിതാശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ദ്രോഹിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും രവീശ തന്ത്രി ആവശ്യപ്പെട്ടു. 

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരേഷ് കൂട്ടക്കനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വൈ.ലോകേഷ് ബട്ടത്തൂര്‍ സ്വാഗതവും ദിനേശന്‍ ബഞ്ചിവയല്‍ നന്ദിയും പറഞ്ഞു. 

കോട്ടക്കുന്നില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിന് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായണി, ട്രഷറര്‍ ഗംഗാധരന്‍ തച്ചങ്ങാട്, പത്മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.