Latest News

യൂത്ത്‌ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്‌ഐമാര്‍ക്കെതിരെ കോടതി കേസെടുത്തു

കാഞ്ഞങ്ങാട്: പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകനും ആറങ്ങാടി പച്ചപ്പട ടീം ക്യാപ്റ്റനുമായ പി വി ഹസിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ്, മുന്‍ അഡീ. എസ്‌ഐ എന്‍ പി രാഘവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. എസ്‌ഐമാര്‍ നവംബര്‍ 3ന് ഹാജരാവാനും ഉത്തരവായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ആറങ്ങാടിയിലെ കല്യാണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ഹസിയെ എസ്‌ഐ സന്തോഷും അഡീ. എസ്‌ഐ രാഘവനും ചേര്‍ന്ന് പോലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു ഹസിയുടെ പരാതി. പത്തു ദിവസത്തോളം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് ഹസിക്ക് മോചനം ലഭിച്ചത്.
ഹൊസ്ദുര്‍ഗ് പോലീസില്‍ നിലവിലുള്ള വാറണ്ട് പ്രതി എന്ന നിലയിലാണ് ഹസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറങ്ങാടിയില്‍ നിന്ന് പിടികൂടിയ ശേഷം പോലീസ് വാഹനത്തില്‍ വെച്ച് അഡീ. എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ ഹസിയെ ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് 1285/2017 എന്ന കേസില്‍ അഞ്ചാംപ്രതിയായി ഉള്‍പ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. അതോടൊപ്പം ഈ കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ ഏഎസ്‌ഐ രാഘവനെ തള്ളി താഴെയിട്ടുവെന്നും ഹസിയോടൊപ്പം ഉണ്ടായിരുന്നയാള്‍ പോലീസ് വാഹനത്തിന് കല്ലെറിഞ്ഞതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമം 332 പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം വകുപ്പ് നാല് പ്രകാരവുമുള്ള കുറ്റം ചുമത്തി ഹസിക്കെതിരെ റിമാന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 

തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും പോലീസുകാര്‍ ഭീകരമായി മര്‍ദ്ദിച്ചുവെന്നും ഹസി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് സാക്ഷി മൊഴികള്‍ക്കായി കേസ് മാറ്റിവെച്ചു. മൊഴിയെടുപ്പുകളും സാക്ഷി വിസ്താരവുമൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്‌ഐമാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.