Latest News

അജ്മീര്‍ സ്ഫോടനം: 2 ലക്ഷം ഇനാം പ്രഖ്യാപിച്ച മലയാളി ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് ∙ 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി അറസ്റ്റില്‍. ഒളിവിലായിരുന്ന സുരേഷ് നായരെയാണു ഗുജറാത്ത് ഭീകര വിരുദ്ധസേന പിടികൂടിയത്.[www.malabarflash.com]

സ്ഫോടനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചു നല്‍കിയതു സുരേഷ് നായരാണെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഗുജറാത്തില്‍ താമസമാക്കിയ കൊയിലാണ്ടി സ്വദേശിയായ സുരേഷ്, പാരലല്‍ കോളേജില്‍ അധ്യാപകനായിരുന്നു. ഇയാളുടെ തലയ്ക്ക് 2 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 പേർക്കു എൻഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരായ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവരെയാണു ശിക്ഷിച്ചത്. 

2007 ഒക്ടോബർ 11നു നടന്ന സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെടുകയും 17 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ദേവേന്ദ്ര ഗുപ്ത, സുനിൽ ജോഷി, ഭവേഷ് പട്ടേൽ, എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. സ്വാമി അസീമാനന്ദ അടക്ക‍ം 7 പേരെ വിട്ടയച്ചു.

ദേവേന്ദ്ര ഗുപ്തയും സുനിൽ ജോഷിയും ചേർന്നു സ്ഫോടനം ആസൂത്രണം ചെയ്തെന്നും ഭവേഷ് പട്ടേൽ സ്ഫോടക വസ്തു ദർഗയിൽ സ്ഥാപിച്ചെന്നും കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. സുനിൽ ജോഷി സ്ഫോടനം നടന്നു വൈകാതെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദേവാസിൽ ഒളിവിൽ കഴിയവേ 2007 ഡിസംബർ 29നാണ് ഇയാൾ വെടിയേറ്റു മരിച്ചത്. ആദ്യം രാജസ്ഥാൻ ഭീകരവിരുദ്ധ വിഭാഗം അന്വേഷിച്ച സ്ഫോടനക്കേസ് പിന്നീട് എൻഐഎയ്ക്കു കൈമാറുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.