Latest News

നബിദിന മാസം പിറന്നു; ബഹ്റൈനിലെങ്ങും പ്രതിദിന മൗലിദ് മജ് ലിസുകള്‍ക്ക് തുടക്കമായി

മനാമ: റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ ബഹ്റൈനിലെങ്ങും മൗലിദ് മജ് ലിസുകള്‍ക്ക് തുടക്കമായി. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1493 മത് ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ഇത്തവണ നവംബര്‍ 20നാണ്. കേരളത്തിലും മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ നവം 20നാണ് നബിദിനമെന്ന് കഴിഞ്ഞ ദിവസം വിവിധ മത പണ്ഢിതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]

നബിദിനത്തോനുബന്ധിച്ച് ബഹ്റൈന്‍ മതകാര്യ വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക നബിദിന പരിപാടി നവം.19 ന് രാത്രി ഇശാ നമസ്കാര ശേഷം ജുഫൈറിലെ ഗ്രാന്‍റ് മോസ്കില്‍ നടക്കും. ഇതില്‍ പ്രമുഖര്‍ പങ്കെടുക്കും.

ഈ വര്‍ഷം "മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തിലാണ് സമസ്ത ബഹ്റൈന്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്‍ ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ബഹ്റൈനിലുടനീളം സമസ്തയുടെ കീഴിലുള്ള 15 ഏരിയാ കേന്ദ്രങ്ങളിലായി പ്രതിദിന മൗലിദ് മജ് ലിസുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി.
മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് ദിവസവും രാത്രി 9 മണിക്കാണ് മൗലിദ് മജ് ലിസുകള്‍ നടക്കുന്നത്. പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രവാചക സന്ദേശ പ്രചരണ- പ്രഭാഷണങ്ങളുമുള്‍ക്കൊള്ളുന്ന ഈ മൌലിദ്‌ മജ് ലിസുകള്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ തുടരും.
തുടര്‍ന്ന് റബീഉല്‍ അവ്വല്‍ 12ാം രാവില്‍ മനാമയില്‍ വിപുലമായ മൗലിദ് മജ് ലിസും സമസ്തയുടെ നേതൃത്വത്തില്‍ നടക്കും. ബഹ്റൈനിലെ സ്വദേശി പ്രമുഖരും സമസ്ത നേതാക്കളും ഇതില്‍ സംബന്ധിക്കും.
കൂടാതെ വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും കീഴില്‍ വേറെയും മൗലിദ് മജ് ലിസ്സുകള്‍ ബഹ്റൈനിലെങ്ങും ആരംഭിച്ചിട്ടുണ്ട്.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ)യെ പദ്യ-ഗദ്യ രൂപങ്ങളിലായി പ്രകീര്‍ത്തിക്കുക എന്നതാണ് മൗലിദ് പാരായണങ്ങളുടെ മുഖ്യ ലക്ഷ്യം. കൂടാതെ ഇതോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണങ്ങളും നബിദിനാഘോഷ പരിപാടികളും പ്രവാചകന്‍റെ സന്ദേശ പ്രചരണവും പ്രവാചക പാഠങ്ങള്‍ പകരാനും ഏറെ സഹായകമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.