Latest News

യു.എ.ഇയില്‍ അതിശക്തമായ മഴ; നാല് മണിക്കൂറിനുള്ളില്‍ 147 വാഹനാപകടങ്ങള്‍

ദുബൈ: യു.എ.ഇയില്‍ കഴിഞ്ഞ ദിവസം  രാവിലെ അതിശക്തമായ മഴ പെയ്തു. സഊദി അറേബ്യക്കും കുവൈത്തിനും പിന്നാലെയാണ് അതിശക്തമായ മഴ ഞായറാഴ്ച യു.എ.ഇയില്‍ ലഭിച്ചത്.[www.malabarflash.com]

റോഡുകളിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല സ്‌കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. ചില സ്‌കൂളുകള്‍ നേരത്തെ വിടുകയും ചെയ്തു. 

വടക്കന്‍ മലയോര പ്രദേശങ്ങളായ അല്‍ജീര്‍, ഷാം, ഖോര്‍ ഖോര്‍ എന്നിവിടങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകി. തെക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും മഴ ലഭിച്ചു. എന്നാല്‍, പ്രധാന നഗരപ്രദേശങ്ങളില്‍ തണുത്ത കാറ്റും ചാറ്റല്‍ മഴയുമാണ് കൂടുതലും അനുഭവപ്പെട്ടത്. 

വടക്ക്, കിഴക്കന്‍ മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മറ്റു മേഖലകളില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. മഴയില്‍ ദൂരക്കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ തിരമാലകള്‍ നാലു മുതല്‍ ആറ് അടിവരെ ഉയരുമെന്നും കടലില്‍ ഇറങ്ങരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

അതിശക്തമായ മഴക്ക് പിന്നാലെ നിരവധി വാഹനാപകടങ്ങളാണ് ഞായറാഴ്ച യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ ദുബൈയില്‍ മാത്രം 147 വാഹനാപകടങ്ങളുണ്ടായെന്ന് പോലീസ് അറിയിച്ചു. രാവിലെ ആറ് മണിക്കും 10 മണിക്കും ഇടയ്ക്കുള്ള നാല് മണിക്കൂറിനുള്ളില്‍ 2,566 പേരാണ് പോലീസിന്റെ സഹായം തേടി ഫോണ്‍ വിളിച്ചത്. 

കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് ദുബൈ പോലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി അറിയിച്ചു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ സമയം കണക്കാക്കി നേരത്തെറിയങ്ങി പതുക്കെ വാഹനം ഓടിക്കണം. ദൂരക്കാഴ്ചയെ കാലാവസ്ഥ ബാധിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴ കണക്കിലെടുത്ത് കൂടുതല്‍ പട്രോളിങ് സംഘങ്ങളെ പോലീസ് രംഗത്തിറക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.