Latest News

പുരസ്‌കാര ജേതാവായ കര്‍ഷകയുടെ അഞ്ചര ഏക്കര്‍ കൃഷി നശിപ്പിച്ചു പിന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാരും കൃഷി അസിസ്റ്റന്റുമെന്ന് ആരോപണം

കാഞ്ഞങ്ങാട്: നിരവധി തവണ മികച്ച കര്‍ഷകക്കുള്ള പുരസ്‌കാരം നേടിയ വീട്ടമ്മയുടെ അഞ്ചര ഏക്കറിലെ കൃഷി നശിപ്പിച്ചു. തോയമ്മല്‍ സ്വദേശിനി പി ഹാജിറ ഉമ്മയുടെ കാരാട്ടുവയലിലെ പത്തുസെന്റ് ഭൂമിയിലെ പച്ചക്കറിയും അഞ്ചര ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിക്കായി ഇട്ട വിത്തുമാണ് ജലസംഭരണി തുറന്ന് വെള്ളം അടിച്ചുകയറ്റി നശിപ്പിച്ചത്.[www.malabarflash.com]

ഇതിനു പിന്നില്‍ 39-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ സന്തോഷും, 19-ാം വാര്‍ഡ് കൗണ്‍സിലറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എന്‍ ഉണ്ണികൃഷ്ണനും, കൃഷി അസിസ്റ്റന്റ് ദിനേശനുമാണെന്ന് ഹാജിറ ഉമ്മ ആരോപിച്ചു. 

വര്‍ഷങ്ങളായി ഹാജിറ ഉമ്മ ഇവിടെ നെല്‍കൃഷി നടത്തിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അന്നത്തെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു വിത്തിടുകയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഞാറ് നടുകയും, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വിള കൊയ്യുകയും ചെയ്ത 

പാടശേഖരത്തില്‍ വെളളിയാഴ്ച ഹാജിറ ഉമ്മയും വിത്തിട്ടിരുന്നു. 
വെളളിയാഴ്ച രാവിലെ കൃഷി അസിസ്റ്റന്റ് ദിനേശനും കൗണ്‍സിലര്‍മാരും കാരാട്ടുവയല്‍ പാടശേഖരത്തെത്തി ഇവിടെ പച്ചക്കറി കൃഷി നടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നുവത്രെ. ആകെ പത്തുസെന്റ് സ്ഥലത്ത് മാത്രമാണ് വഴുതിനങ്ങയും പാവക്കയും കാബേജും അടക്കമുള്ള പച്ചക്കറി കൃഷി ഹാജിറ ഉമ്മയും കുടുംബവും നട്ടുവളര്‍ത്തുന്നത്.
ഇത് തങ്ങളുടെ വീട്ടാവശ്യത്തിന് മാത്രമാണെന്ന് അസിസ്റ്റന്റ് കൃഷി ഓഫീസറോട് വിശദീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ യാതൊരു കാരണവശാലും പച്ചക്കറി കൃഷി നടത്താന്‍ അനുവദിക്കില്ലെന്നും പാടത്തേക്ക് ജലസംഭരണി തുറന്നുവിടുമെന്നും കൃഷി ഓഫീസറും കൗണ്‍സിലറും ഭീഷണിപ്പെടുത്തുകയും ചെയ്താണ് ഇവര്‍ മടങ്ങിയത്. 

തല്‍സമയം നിരവധി നാട്ടുകാരും പാടശേഖരത്തുണ്ടായിരുന്നു. 
വിവരമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ വി വി രമേശനും കാരാട്ടുവയലിലെത്തി പച്ചക്കറി കൃഷി നശിപ്പിക്കരുതെന്ന് കൃഷി ഓഫീസര്‍ക്ക് കടുത്ത നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ വെളളിയാഴ്ച രാത്രി തന്നെ പാടത്തെ കൃഷി മുഴുവനും തൊട്ടടുത്ത ഇറിഗേഷന്‍ പദ്ധതിയിലെ ജലസംഭരണി തുറന്നുവിട്ട് നശിപ്പിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൃഷിയെ സര്‍ക്കാരും തദ്ദേശഭരണകൂടവും പ്രോത്സാഹിപ്പിക്കുമ്പോള്‍ ഭരണപക്ഷാംഗമായ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷി നശിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നെല്ല് വിത്തിറക്കി മൂന്നു ദിവസം കഴിയാതെ ജലസേചനം നടത്താന്‍ പാടില്ലെന്നിരിക്കെ വിത്തിറക്കിയതിന്റെ പിറ്റേ ദിവസം തന്നെ വെള്ളമൊഴുക്കിയതിലൂടെ രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഹാജിറക്ക് സംഭവിച്ചത്.
ഏതാണ്ട് നൂറേക്കറില്‍പ്പരം ഭൂമിയില്‍ പരന്നുകിടക്കുന്ന കാരാട്ടുവയലില്‍ ഹാജിറ ഉമ്മയും, ഗണേശനും, അബൂബക്കര്‍ എന്ന കര്‍ഷകനും മാത്രമാണ് വിത്തിറക്കാറുള്ളത്. ഇത്തവണ അബൂബക്കറും വിത്തിറക്കിയില്ല. അതുകൊണ്ടു തന്നെ കാരാട്ടുവയലിലെ ഭൂമി മുഴുവന്‍ തരിശായി കിടക്കുകയാണ്. ഇവിടെ 10 സെന്റില്‍ താഴെയുള്ള സ്വന്തം ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്തതിനെതിരെയാണ് കൃഷി ഓഫീസറും കൂട്ടാളികളും രോഷം പൂണ്ടത്. 

പച്ചക്കറി കൃഷിയും പാടശേഖരവും കൃഷി ഓഫീസര്‍ തന്നെ നശിപ്പിച്ച സംഭവം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും ഗൗരവത്തിലെടുത്തിട്ടുണ്ട്.
കൃഷി നശിപ്പിച്ച സംഭവം അപലപനീയമാണെന്നും ഇതിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നെല്‍കൃഷി മാത്രം നടത്താന്‍ അനുമതിയുള്ള സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ കൃഷി നശിപ്പിച്ച നടപടി പ്രാകൃതമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ്കുഞ്ഞി ആരോപിച്ചു. കൃഷിയെ വ്യാപകമായി പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമ്പോള്‍ ഇവ നശിപ്പിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീട്ടാവശ്യത്തിനായി പച്ചക്കറി കൃഷി നടത്തുന്നത് കുറ്റകരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ഒരുഭാഗത്ത് പൊന്നാടയിട്ട് ആദരിക്കുമ്പോള്‍ മറുഭാഗത്ത് നശീകരണ സ്വഭാവം കാണിക്കുന്നത് കൗണ്‍സിലര്‍മാര്‍ക്ക് യോജിച്ചതല്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം ബല്‍രാജ് പറഞ്ഞു.
എന്നാല്‍ കൃഷി നശിപ്പിച്ചത് തങ്ങളല്ലെന്നാണ് കൗണ്‍സിലര്‍ സന്തോഷിന്റെ വിശദീകരണം. തങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ സാമൂഹ്യദ്രോഹികള്‍ കൃഷി നശിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്.
നെല്‍കൃഷി നടത്തുന്ന പാടത്ത് പച്ചക്കറി കൃഷി നടത്തുന്നതായി നഗരസഭക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്.
നെല്‍പാടത്ത് പച്ചക്കറി കൃഷി നടത്തി പിന്നീട് പാടം നികത്തുന്നത് വ്യാപകമായിട്ടുണ്ട്. ഇതേക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സന്തോഷ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.