Latest News

കേരളത്തിലെ ആദ്യ ‘പോസ്കോ’ ജീവപര്യന്തം; പീഡനക്കേസിൽ യുവാവിന് മരണംവരെ തടവ്

കാസർകോട്: കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാതാവിന്റെ മുൻപിലിട്ടു പീഡിപ്പിച്ച കേസിൽ ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുൽ കരീമിനു (34) കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com] 

മരണം വരെ തടവിൽ കഴിയണം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമപ്രകാരം കേരളത്തിൽ ആദ്യത്തെ ജീവപര്യന്തം തടവുശിക്ഷയാണിത്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകണം.

കഴിഞ്ഞ ഏപ്രിൽ രണ്ടിനു പുലർച്ചെയാണു വാടക ക്വാർട്ടേഴ്സിൽ അതിക്രമം നടന്നത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു പെൺകുട്ടി അമ്മയുമായി നേരിട്ടു പൊലീസ് സ്റ്റേഷനിൽ ചെന്നു നൽകിയ പരാതിയിൽ കുമ്പള പൊലീസാണു കേസ് എടുത്തത്. മാതാവിനു നേരെ കത്തി വീശുമ്പോൾ തടഞ്ഞ പെൺകുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു. പ്രതി ലഹരിപാനീയം നൽകിയും മറ്റുമായി മുൻപു പല തവണ പീഡിപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ മാതാവു വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു.

കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം കോടതി നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദേശപ്രകാരം കേരളത്തിൽ ഏറ്റവും വേഗത്തിൽ വിധി പറയുന്ന കേസും ഇതുതന്നെ. കുമ്പള സിഐ കെ. പ്രേംസദനാണു കേസ് അന്വേഷിച്ചത്. പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കു ശിക്ഷ കർശനമാക്കിയ ‘നിർഭയ’ നിയമ ഭേദഗതി പ്രകാരം കേരളത്തിലെ ആദ്യശിക്ഷാവിധി പ്രഖ്യാപിച്ചതും കഴിഞ്ഞയാഴ്ച ഇതേ കോടതിയാണ്. പതിനാറുകാരിയെ ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് 20 വർഷം വീതം കഠിനതടവായിരുന്നു ശിക്ഷ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.