Latest News

വൃക്ക മാറ്റിവെച്ച് ജീവിതം തിരിച്ചുപിടിച്ചു; സ്‌കൂട്ടി അപകടത്തില്‍ മരണം കവര്‍ന്നു

കാഞ്ഞങ്ങാട്: വൃക്ക മാറ്റിവെച്ച് ജീവിതം തിരിച്ചുപിടിച്ച യുവാവ് സ്‌കൂട്ടി അപകടത്തിലുണ്ടായ നിസാര പരിക്കില്‍ മരണപ്പെട്ടു. മാവുങ്കാല്‍ പുതിയകണ്ടം കൊളിക്കാലിലെ പരേതനായ പൊക്കന്റെ മകന്‍ അശോകന്‍ (43) ആണ് മരണപ്പെട്ടത്.[www.malabarflash.com]

രണ്ടു വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ അശോകന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. മാവുങ്കാല്‍ പുതിയകണ്ടത്ത് സ്മാര്‍ട്ട് ടെക് എല്‍ഇഡി ഷോപ്പ് നടത്തിവരുന്ന അശോകന്‍ ബിസിനസ് ആവശ്യത്തിനായി ഒന്നരമാസം മുമ്പ്‌നീലേശ്വരത്തേക്ക് പോകുന്നതിനിടയില്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വലതുകാലിന് ചെറിയ മുറിവുപറ്റിയ അശോകന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ചു.

എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കിയെങ്കിലും യാതൊരു ശമനവുമുണ്ടായില്ല. പഴുപ്പ് കൂടിവന്നതോടെ അശോകനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും നില ഗുരുതരമായതോടെ കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ വലതുകാല്‍ മുറിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

അമ്മ: നന്ദിനി, ഭാര്യ: രജിന പി വി . മക്കള്‍: ജഗത്ത് ( 4 ക്ലാസ് വിദ്യാര്‍ത്ഥി ബല്ല) വിനായക്. സഹോദരങ്ങള്‍ : സുധാകരന്‍ (ദീപാ ഗോള്‍ഡ് കാഞ്ഞങ്ങാട് ) സുകുമാരന്‍ (മര്‍ച്ചന്റ് നേവി), ഗിരിശന്‍ (ദുബൈ), രമ ഷാജി (കണ്ണൂര്‍), ഉഷ കൃഷ്ണന്‍ (എരോല്‍ ഉദുമ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.