Latest News

ഫോണില്‍ ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല; ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി

ദുബൈ: ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇ. നിവാസികള്‍ക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനമായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശബ്ദസന്ദേശം.[www.malabarflash.com] 

1971 എന്ന ഫോണ്‍ നമ്പറില്‍നിന്ന് ദുബൈയിലെ മിക്കവാറും താമസക്കാര്‍ക്ക് ഭരണാധികാരിയുടെ ശബ്ദത്തില്‍ ഫോണിലൂടെ ആശംസാസന്ദേശം ലഭിച്ചു.
ഫോണിലൂടെ ഈ ആശംസ ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട ഇമറാത്തി ബാലികയെ കാണാനും ആശംസകള്‍ അറിയിക്കാനും ദുബൈ ഭരണാധികാരി നേരിട്ടെത്തി.

 'ശൈഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ല' എന്ന് പൊട്ടിക്കരയുന്ന സലാമ അല്‍ കാഹട്ടനിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കൊച്ചു മിടുക്കിയെ കാണാന്‍ ദുബൈ ഭരണാധികാരി നേരിട്ടെത്തിയത്. കുട്ടിക്കരികില്‍ ഇരുന്ന് സംസാരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോയാണ് പുതിയ തരംഗം.

എല്ലാവരെയും താന്‍ ഫോണില്‍ വിളിച്ചെങ്കിലും നേരിട്ട് കാണാന്‍ വന്നത് സലാമയെ മാത്രമാണെന്ന് കുട്ടിയോട് ശൈഖ് മുഹമ്മദ് പറഞ്ഞു. കുഞ്ഞു മനസ്സിനോട് കാണിച്ച കരുതലിനും സ്‌നേഹത്തിനും അഭിനന്ദനമറിയിച്ച് നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ആയിരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.