Latest News

മോഷണത്തിനെത്തിയ വീട്ടിലെ കാറിൽ കിടന്നുറങ്ങിയ മോഷ്ടാവ് പോലീസ് പിടിയിലായി

പരവൂർ : രാത്രി മോഷണത്തിനെത്തിയ വീട്ടിലെ കാറിൽ കിടന്നുറങ്ങിയ മോഷ്ടാവ് പോലീസ് പിടിയിലായി. പുത്തൻകുളം പ്ലാവിൻമൂട്ടിനുസമീപം കരിമ്പാലൂർ ചരുവിളവീട്ടിൽ എസ്.രാധാകൃഷ്ണപിള്ള (51)യാണ് അറസ്റ്റിലായത്.[www.malabarflash.com]

പുത്തൻകുളം മംഗല്യയിൽ അശോകന്റെ വീട്ടിലാണ് രാത്രി മോഷണത്തിനെത്തിയത്. വീടിനുമുന്നിൽ കിടന്ന കാറിന്റെ ഡോർ പൂട്ടിയിട്ടില്ലെന്നറിഞ്ഞ് കാറിൽ കയറി. കാറിന്റെ അകം പരതുന്നതിനിടെ മദ്യലഹരിയിൽ ഉറങ്ങിയതാകാമെന്ന് പോലീസ് പറഞ്ഞു.

പുലർച്ചെ നാലുമണിയോടെ വീട്ടുടമ നടക്കാനിറങ്ങുമ്പോഴാണ് കാറിൽ ഒരാൾ കിടന്നുറങ്ങുന്നത് കണ്ടത്. അദ്ദേഹം ഗ്രാമപ്പഞ്ചായത്ത് അംഗം വി.കെ.സുനിൽകുമാറിനെയും പരവൂർ പോലീസിനെയും അറിയിച്ചു. പോലീസെത്തി വിളിച്ചുണർത്തി ചോദ്യംചെയ്തപ്പോഴാണ് മോഷ്ടാവാണെന്നറിഞ്ഞത്. െെകയിൽ കരുതിയിരുന്ന കവറിലുണ്ടായിരുന്ന നാണയത്തുട്ടുകൾ അടുത്തൊരു കടയിൽനിന്ന് തലേദിവസം കവർന്നതാണെന്നും ചോദ്യംചെയ്യലിൽ തെളിഞ്ഞു.

അമ്പലവഞ്ചി പൊളിച്ച് കവർച്ചയും കാറുകളിലെ സ്റ്റീരിയോ മോഷണവും നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും പോലീസ് അറിയിച്ചു.

പരവൂർ എസ്.ഐ. അബ്ദുൾ റഹ്‌മാൻ, എ.എസ്.ഐ. തുളസീധരൻ പിള്ള, എസ്.സി.പി.ഒ. ഷാജി, സി.പി.ഒ. മാരായ അമ്പു, ലിജു എന്നിവർ ചേർന്ന്‌ പിടികൂടിയ പ്രതിയെ പരവൂർ കോടതി റിമാൻഡ്‌ ചെയ്തു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.