Latest News

ഒന്‍പതു വയസുകാരിയെ സ്‌കൂട്ടിയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

പരപ്പ: ഒന്‍പതു വയസുകാരിയായ പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്‌കൂട്ടിയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം.[www.malabarflash.com] 

വെള്ളരിക്കുണ്ടില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് നീല കളറുള്ള സ്‌കൂട്ടിയില്‍ വന്ന യുവാവ് പിതാവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സ്‌കൂട്ടിയില്‍ കയറ്റിയത്.

സ്‌കൂട്ടിയില്‍ കയറിയ ഉടന്‍ തന്നെ ഇയാള്‍ പെണ്‍കുട്ടിയെ ശരീരത്തില്‍ തലോടി പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ആളില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ സ്‌കൂട്ടിയില്‍ നിന്നും ബലമായി എടുത്തുകൊണ്ടുപോയി തൊട്ടടുത്ത ആളില്ലാത്ത വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ച് ഇയാളുടെ കൈയില്‍ നിന്നും കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്തി പെണ്‍കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു.

രക്ഷിതാക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. കാവി ലുങ്കി ധരിച്ച് താടിവെച്ച ഒരാളാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. നീല സ്‌കൂട്ടിയില്‍ സഞ്ചരിക്കുന്ന താടിക്കാരനായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. മലയോരത്തെ മുഴുവന്‍ സിസി ക്യാമറകളും പോലീസ് പരിശോധിച്ചുവരികയാണ്. ആര്‍ടിഒ ഓഫീസ് മുഖേന വണ്ടി കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ഇതിനിടയില്‍ നീല കളറുള്ള സ്‌കൂട്ടി ഓടിക്കുന്ന താടിവെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പെണ്‍കുട്ടി ഇയാളല്ല തന്നെ ശല്യപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇയാളെ വിട്ടയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.