Latest News

സമൂഹമാധ്യമങ്ങൾ വഴി ഓഫർ പ്രഖ്യാപിച്ച് ലഹരി മരുന്നു വിൽപന; രണ്ടുപേർ പിടിയിൽ

കൊച്ചി: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷക്കാലം കഴിഞ്ഞപ്പോൾ ഓഫർ പ്രഖ്യാപിച്ചു ലഹരി മരുന്നു വിൽപന. അതും സമൂഹമാധ്യമങ്ങൾ വഴി. ഡിസ്കൗണ്ട് വിലയിട്ട് കഞ്ചാവും ഹഷീഷ് ഓയിലും വിറ്റഴിച്ച സംഘം പോലീസ് പിടിയിലായി.[www.malabarflash.com] 

പള്ളരുത്തി സ്വദേശി സുബിൻ (24), ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയും കരിമുഗളിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ രാജൻ സെൽവം (37) എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 49,500 രൂപയും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾക്കായി സ്റ്റോക്ക് ചെയ്ത ഹഷീഷും കഞ്ചാവുമാണ് ഇപ്പോൾ കുറഞ്ഞ വിലയ്ക്കു വിറ്റഴിക്കാൻ ശ്രമിച്ചത്. 40% ഓഫറാണ് ഇവർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫെയ്സ്ബുക് ഗ്രൂപ്പുകളിലൂടെയും പ്രഖ്യാപിച്ചിരുന്നത്. ലഹരി മരുന്നു വിൽപന തടയുന്നതിനായി പോലീസും ഷാഡൊ പോലീസും എക്സൈസും നടത്തുന്ന കടുത്ത പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ ആഘോഷ സീസണിൽ വിറ്റഴിക്കാതെ പോയ ലഹരിയാണു തകൃതിയിൽ വിറ്റഴിക്കാൻ ശ്രമം നടത്തിയത്.

ലഹരി മരുന്നു വിപണിയിൽ 20 ഗ്രാം തൂക്കം വരുന്ന 2000 രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫർ കഴിഞ്ഞിട്ട് 1200 രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. മുന്തിയ, പതിവ് ഇടപാടുകാർക്കിടയിൽ മാത്രമായിരുന്നു ഹഷീഷ് വിറ്റഴിച്ചിരുന്നത്. ഡിസിപി ജെ. ഹിമേന്ദ്രനാഥിനു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.

തമിഴ്നാട്ടിലെ കമ്പത്തുനിന്നു എത്തിക്കുന്ന ഹഷീഷും കഞ്ചാവും രാജൻ സെൽവത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയിൽ നഗരത്തിൽ ചുറ്റി സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോക്താക്കൾക്കിടയിൽ എത്തിച്ചിരുന്നത്. 

ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സിഐ അനന്ത ലാൽ, ഷാഡോ എസ്ഐ എ.ബി. വിബിൻ, ഷാഡോ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.