Latest News

ഫേസ്ബുക്കില്‍ പരിചയപ്പെട്ട 'കാമുകിക്കൊപ്പം' രണ്ടുനാള്‍ സുഖിക്കാന്‍ കൊതിച്ചുവന്ന കാമുകന്‍ കുടുങ്ങിയത് മുട്ടന്‍ കെണിയില്‍

കാഞ്ഞങ്ങാട്: രണ്ടു ദിവസത്തെ ദേശീയപണിമുടക്ക് കാമുകിയോടൊപ്പം 'ആഘോഷിക്കാന്‍' തലശേരിയില്‍ നിന്നും അമ്പലത്തറയിലേക്കെത്തിയ അറുപതുകാരന്‍ കുടുങ്ങിയത് മുട്ടന്‍ കെണിയില്‍.[www.malabarflash.com]

അമ്പലത്തറയിലെ 'ഗള്‍ഫുകാരന്റെ ഭാര്യ'യുമായി ഫേസ്ബുക്കിലൂടെയാണ് തലശേരിക്കാരന്‍ പരിചയപ്പെട്ടത്. 'ഹായ്' യില്‍ ആണ് ഇവരുടെ ബന്ധം തുടങ്ങിയത്. പിന്നീട് പരിചയത്തിലായി. ചാറ്റിംഗിലൂടെ അമ്പലത്തറ 'യുവതി' തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും മകളും താനും വീട്ടില്‍ തനിച്ചാണെന്നും കാമുകനെ അറിയിച്ചു. ഇതോടെ പ്രണയപരവശനായ കാമുകന് കാമുകിയെ കാണണമെന്ന ആഗ്രഹം കലശലായി. 

അങ്ങനെയിരിക്കെ ഉര്‍വ്വശി ശാപം ഉപകാരമെന്നപോലെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചു. ഈ പണിമുടക്ക് അടിച്ചുപൊളിച്ച് ആഘോഷിക്കാമെന്ന കാമുകന്റെ അഭ്യര്‍ത്ഥന കാമുകി അംഗീകരിക്കുകയും ചെയ്തു. പണിമുടക്കിന് തലേന്നാള്‍ രണ്ടു ദിവസം തങ്ങാനുള്ള വസ്ത്രങ്ങളും ഉള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കാമുകന്‍ തലശേരിയില്‍ നിന്നും അമ്പലത്തറയിലേക്ക് തിരിച്ചു.

കാഞ്ഞങ്ങാട് ബസിറങ്ങി പാണത്തൂര്‍ റൂട്ടിലെ ബസില്‍ കയറി അമ്പലത്തറയില്‍ ഇറങ്ങാനുള്ള റൂട്ടും കാമുകി കൃത്യമായി വിവരിച്ചു നല്‍കിയതിനാല്‍ തലശേരിക്കാരന് കാമുകിയുടെ നാട്ടിലെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. അമ്പലത്തറയില്‍ ബസിറങ്ങിയാല്‍ താന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കാത്തു നില്‍ക്കുമെന്നും ആ ഡ്രൈവര്‍ റിക്ഷയില്‍ വീട്ടിലേക്കെത്തിക്കുമെന്നും കാമുകി പറഞ്ഞതുപോലെ ബസിറങ്ങിയപ്പോള്‍ കാത്തു നിന്ന ഓട്ടോറിക്ഷയില്‍ കയറുകയും ചെയ്തു. 

ഓട്ടോറിക്ഷ നേരെ പോയത് ഏതാനും യുവാക്കള്‍ കാത്തു നില്‍ക്കുകയായിരുന്ന ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു. പന്തികേട് തോന്നിയ തലശേരിക്കാരന്‍ കാമുകിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണിന്റെ ബെല്ല് മുഴങ്ങിയത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണില്‍ നിന്നായിരുന്നു. പിന്നെ അവിടെ നടന്നത് അടിയുടെ പൊടിപൂരമായിരുന്നു. അപ്പോള്‍ മാത്രമായിരുന്നു താന്‍ കാമുകിയാണെന്ന് കരുതി ഇത്രയും നാള്‍ ചാറ്റിംഗ് നടത്തിയത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവുമായാണെന്ന് തിരിച്ചറിഞ്ഞത്. യുവാക്കള്‍ കൈകാര്യം ചെയ്ത ശേഷം തലശേരിക്കാരനെ അമ്പലത്തറ പോലീസിന് കൈമാറി.

അമ്പലത്തറ പോലീസാകട്ടെ അടിയും കൊണ്ട് മാനവും പോയ തലശേരിക്കാരന്റെ നിസ്സഹായാവസ്ഥയുള്ള മുഖം കണ്ട് ഒന്നും ചെയ്യാതെ തലശേരിയിലേക്കുള്ള ബസില്‍ കയറ്റിവിടുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.