Latest News

മഹാത്മാ ഗാന്ധിയെ ഒരുവട്ടം കൂടി കൊന്ന് ഹിന്ദു മഹാസഭ; നെഞ്ചില്‍ വെടിവച്ച് ദിനാചരണം

അലിഗഢ്: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന ദിനത്തില്‍ പ്രതീകാത്മകമായി അദ്ദേഹത്തിന്റെ കോലത്തില്‍ വെടിവച്ച് ഹിന്ദു മഹാസഭ. യു.പിയിലെ അലിഗഢില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിജിയുടെ രൂപത്തില്‍ വെടിയുതിര്‍ത്തത്.[www.malabarflash.com]

വെടിയുതിര്‍ത്തപ്പോള്‍ കോലത്തില്‍ നിന്ന് രക്തം ഒഴുകുന്നതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ടൈസ് നൗ പുറത്തുവിട്ടിരിക്കുകയാണ്.

വെടിയുതിര്‍ത്തതിന് ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരവും അണിയിച്ചു. രാജ്യം ഗാന്ധിജിയുടെ വേര്‍പാട് ആചരിക്കുമ്പോള്‍ ആണ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഇത്തരം പ്രകോപന പരിപാടികള്‍ സംഘടിപ്പിച്ചത്.

ഗാന്ധി കൊല്ലപ്പെട്ട ദിവസം നേരത്തെ ‘ശൗര്യ ദിവസ്’ എന്നാണ് ഹിന്ദു മഹാസഭ ആചരിച്ചിരുന്നത്. കൂടെ ഗോഡ്‌സയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും മധുരവിതരണവും കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നു. ഇതിനു പുറമെയാണ് ഗാന്ധിയുടെ കോലത്തില്‍ വെടിവയ്ക്കുന്ന പുതിയ ചടങ്ങും.

1948 ജനുവരി 30നാണ് ഗാന്ധി വെടിയേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നാഥുറാം ഗോഡ്‌സെ അടക്കം എട്ടുപേര്‍ വിചാരണ നേരിട്ടിരുന്നു. ഇതില്‍ ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ, വിഷ്ണു രാമകൃഷ്ണ എന്നീ മൂന്നുപേര്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ചെയ്തു. നാഥുറാം ഗോഡ്‌സേക്കും നാരായണ്‍ ആപ്‌തേയ്ക്കും വധശിക്ഷയും ലഭിച്ചു. 1949 നവംബര്‍ 15ന് അംബാല ജയിലിലാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.