Latest News

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീം സിങ്ങിന് ജീവപര്യന്തം തടവ്

പഞ്ച്കുള: ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം തടവ് ശിക്ഷ.[www.malabarflash.com] 

ഗുര്‍മീത് അടക്കം നാല് പ്രതികള്‍ക്കാണ് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ വീതം പിഴയും അടയ്ക്കണം.

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2002-ലാണ് ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്.

കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ആദ്യം പോലീസ് അന്വേഷിച്ച കേസ് 2006-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. നിലവില്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാമചന്ദ്ര വധക്കേസില്‍ വിചാരണ ചെയ്തത്. കേസിന്റെ ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് പഞ്ച്കുളയില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

രണ്ട് അനുയായികളെ ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ 2017 ഓഗസ്റ്റിലാണ് ഗുര്‍മീതിന് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ പഞ്ച്കുളയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഗുര്‍മീത് അനുയായികളാണ് വ്യാപക അക്രമങ്ങള്‍ നടത്തിയത്. കലാപത്തിനിടെ നിരവധിപേര്‍ കൊല്ലപ്പെടുകയും കോടികള്‍ വിലവരുന്ന വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.