Latest News

തട്ടിപ്പിനു പിന്നില്‍ കൃത്യമായ ആസൂത്രണം; കോടികള്‍ കടത്തിയത് ഹവാല വഴി, യുഎഇയില്‍ 1200 കോടി വായ്പയെടുത്ത് മുങ്ങിയ കേസില്‍ 19 മലയാളികള്‍ പ്രതികള്‍

കൊച്ചി: യുഎഇയിലെ ബാങ്കുകളില്‍ 1200 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസില്‍ 19 മലയാളികള്‍ പ്രതികള്‍. ഇതുസംബന്ധിച്ച കേസുകളില്‍ ബാങ്ക് അധികൃതര്‍ പോലീസിന് മൊഴിനല്‍കി.[www.malabarflash.com] 

വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയാണ് നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ അധികൃതര്‍ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളില്‍ അടുത്ത ദിവസം മൊഴി നല്‍കുമെന്നും തട്ടിപ്പു സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്നും ഇവര്‍ വ്യക്തമാക്കി.

യുഎഇയില്‍ ഉണ്ടായിരുന്ന 46 കമ്പനികള്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേരളത്തില്‍ അന്വേഷണം നടക്കുന്നത്. മലയാളികളുടെ നൂറിലേറെ കമ്പനികള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതുസംബന്ധിച്ച കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ തട്ടിയെടുത്ത തുക 2000 കോടിയിലേറെ വരുമെന്ന് ബാങ്കിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

2013-2017 കാലഘട്ടത്തില്‍ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലെ ബാങ്കുകളില്‍ ആകെ 20,000 കോടിയുടെ വായ്പാത്തട്ടിപ്പ് നടന്നെന്നാണ് യുഎഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തിയ തുകയില്‍ ഒരുഭാഗമാണ് കേരളത്തിലേക്കെത്തിയത്.

പ്രതികള്‍, യുഎയില്‍ കമ്പനികള്‍ ഉണ്ടാക്കിയ ശേഷം അവയുടെ രേഖകള്‍ കാണിച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുകയായിരുന്നെന്ന് തട്ടിപ്പിനിരയായ മൂന്ന് ബാങ്കുകളുടെ കേരളത്തിലെ പവര്‍ ഓഫ് അറ്റോര്‍ണി പ്രിന്‍സ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

വ്യത്യസ്ത ബാങ്കുകളില്‍ നിന്നും പലരായി വായ്പയെടുത്തതിനാലാണ് ഇത്രയും വലിയ തുക തട്ടിയെടുക്കാനായത്. വായ്പയെടുത്തവര്‍ മുങ്ങിയതിനൊപ്പം ബാങ്കില്‍ സമര്‍പ്പിച്ചിരുന്ന രേഖകളിലെ കമ്പനികളും അവയുടെ ആസ്തികളും സ്റ്റോക്കുകളുമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായി ആസൂത്രണം ചെയ്താണ് യുഎഇയിലെ ബാങ്കുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടികള്‍ തട്ടിയത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ബിസിനസ് നടത്തിയിരുന്നവര്‍ തന്നെയായിരുന്നു തട്ടിപ്പിനു പിന്നില്‍. തങ്ങളുടെ കമ്പനികളുടെ ഇടപാടുകള്‍ പെരുപ്പിച്ച് കാണിച്ച് കൂടുതല്‍ തുക വായ്പയായി നേടിയും ഒരേ രേഖകള്‍ തന്നെ സമര്‍പ്പിച്ച് പല ബാങ്കുകളില്‍ നിന്നും വായ്പയെടുത്തുമായിരുന്നു തട്ടിപ്പ്.

ആദ്യമെടുത്ത വായ്പകള്‍ കൃത്യമായി തിരിച്ചടച്ച് ബാങ്കുകളുടെ വിശ്വാസം നേടിയ ശേഷമായിരുന്നു വ്യാജരേഖകള്‍ ഉള്‍പ്പെടെ നല്‍കി തട്ടിപ്പ് നടത്തിയത്. മള്‍ട്ടിപ്പിള്‍ ഷോര്‍ട്ട് ടേം ലോണുകളിലായിരുന്നു തട്ടിപ്പുകാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കി ബാങ്കുകള്‍ കേസ് കൊടുക്കുമ്പോഴേക്കും തട്ടിപ്പുകാര്‍ ആസ്തികള്‍ വിറ്റഴിച്ച് രാജ്യം വിട്ടിരുന്നു.

ബാങ്കുകളില്‍ നിന്നെടുത്തതും ആസ്തികള്‍ വിറ്റതുമുള്‍പ്പെടെയുള്ള കോടികള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യാതെ നേരിട്ട് പിന്‍വലിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ പണം മുഴുവന്‍ ഹവാല വഴി കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് എത്തിച്ചിരിക്കുമെന്നാണ് നിഗമനം.

ബാങ്കുകള്‍ കേരളത്തിലെ നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ നാളായി ശ്രമിക്കുന്നതെങ്കിലും സംഭവം നടന്നത് യുഎഇയില്‍ ആയതിനാലുള്ള സാങ്കേതിക തടസങ്ങള്‍ മൂലം കാലതാമസം നേരിടുകയായിരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

എന്നാല്‍, തങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നിയമനടപടി സ്വീകരിക്കാനാവില്ലെന്നാണ് വായ്പയെടുത്തവരുടെ നിലപാട്. പ്രതികളില്‍ ചിലര്‍ ബാങ്കുകള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.