Latest News

പോലീസിനെ വിറപ്പിച്ച് വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍': ബേക്കല്‍ സ്റ്റേഷനില്‍ കണ്ടെത്തിയത് കഞ്ചാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളില്‍ 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തി.[www.malabarflash.com]

പരിശോധനയില്‍ കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബേക്കല്‍ സ്റ്റേഷനില്‍ എസ്.ഐയുടെ മേശയില്‍ അനധികൃതമായി 29 കവറുകളില്‍ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇതോടൊപ്പം 12.7ഗ്രാം സ്വര്‍ണവും 5 മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു.

അനധികൃതമായി പിടിച്ചിട്ട നൂറോളം വാഹനങ്ങളും 2 വാഹനങ്ങളുടെ ഒറിജിനല്‍ രേഖകളും നിരവധി വാഹനങ്ങള്‍ അന്യായമായി പിടിച്ചിട്ടിരിക്കുന്നതും കണ്ടെത്തി. 40 ഓളം പരാതികളില്‍ റസീപ്റ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എഫ് ഐ ആറിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കുമ്പളയില്‍ രജിസ്റ്റര്‍ ചെയ്ത നൂറോളം പരാതികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അടച്ചുപൂട്ടിയ കടവുകള്‍ തുറന്നതായും വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മാഫിയ സംഘങ്ങളുമായും ക്രിമിനലുകളുമായും ബന്ധമുള്ള പോലീസ് സ്റ്റേഷനുകളെയും പോലീസുകാരെയും വിജിലൻസ് ഇന്‍റലിജൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. നൂറിലധികം സ്റ്റേഷനുകളുടെ ആദ്യം പട്ടിക തയ്യാറാക്കി. ഇതിൽ നിന്നാണ് നിരവധി ആരോപണങ്ങള്‍ നേരിടുന്ന 53 പോലീസ് സ്റ്റേഷനുകള്‍ തെര‌ഞ്ഞെടുത്തത്.

പരിശോധന വിവരം ചോർന്നുപോകാതിരിക്കാനായി വിജിലൻസ് ഡയറക്ട‍ർ മുഹമ്മദ് യാസിനും ഐജി എച്ച് വെങ്കിടേഷും രാവിലെയാണ് ഓപ്പറേഷൻ നടത്തേണ്ട പോലീസ് സ്റ്റേഷനുകളുടെ പട്ടിക എസ്പിമാർക്ക് കൈമാറിയത്.

കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ 11.52 ഗ്രാം സ്വര്‍ണവും 4223 രൂപയും 2 മൊബൈല്‍ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കണ്ടെത്തി.
കൊല്ലം കരുനാഗപ്പള്ളി സ്‌റ്റേഷനില്‍ 80000ത്തോളം രൂപയും കോഴിക്കോട് പയ്യോളി സ്‌റ്റേഷനില്‍ 57740 രൂപയും കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ 3060 രൂപയും കാണാനില്ല. ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തിയ തുകയിലാണ് കുറവ്.

വയനാട് മേപ്പാടിയില്‍ ഒരു വര്‍ഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാട് കേസുകളുണ്ട്. നിരവധി ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പുല്‍പ്പള്ളി സ്‌റ്റേഷനില്‍ ജനുവരി ഒന്നിനുശേഷം ക്യാഷ് ബുക്ക് എഴുതിയിട്ടില്ല.

മാവേലിക്കരയില്‍ 2018ല്‍ മദ്യപിച്ച് വാഹനമോടിച്ച 1092 കേസുകളും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും 318 കേസുകളില്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളൂ. മാവേലിക്കര, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനുകളില്‍ വാഹനാപകട കേസുകളില്‍ രേഖകള്‍ അനധികൃതമായി പിടിച്ചു വച്ചതായും കണ്ടെത്തി.

കഴിഞ്ഞ വർഷം 45 സർക്കാർ വകുപ്പുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർ‍ട്ടുകളുടെ അടിസ്ഥാനത്തിൽ 1074 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും ശുപാർശ ചെയ്തിരുന്നു. ഇതിൽ തന്നെ ഗുരുതരമായ ക്രമക്കേട് നടത്തിയ കണ്ടെത്തിയ 64 ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനാണ് ശുപാർ‍ശ ചെയ്തത്. 18 ഉദ്യോഗസ്ഥരാണ് വിജിലൻസിൻെ കൈക്കൂലിക്കെണിയിൽ കുരുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.