ഉദുമ: മകരമാസത്തിലെ വലിയ കലംകനിപ്പുത്സവത്തിനു പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്‍കലങ്ങളെകൊണ്ട് നടത്തുന്ന സവിശേഷോത്സവമായ വലിയ കലംകനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും.[www.malabarflash.com]
സ്ത്രീ സാന്നിധ്യ പെരുമകൊണ്ടു ശ്രദ്ധേയമായ ഉത്സവമാണിത് . അപൂര്‍വ്വമായ ആചാര വൈവിധ്യം കൊണ്ട് സവിശേഷമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പാലക്കുന്ന് ഭഗവതി ക്ഷേത്രം ഇടംപിടിക്കുന്നത് കാലംകനിപ്പ് ഉത്സവ വിശേഷങ്ങളോടെയാണ്.
തെക്ക് ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാനമായി വടക്ക് നടക്കുന്ന ദേവിസമര്‍പ്പണമാണിത്. പൊങ്കാലയ്ക്ക് നിവേദ്യം സമര്‍പ്പിക്കുന്നവര്‍തന്നെ സ്വയം അടുപ്പുണ്ടാക്കി പാകം ചെയ്യുമ്പോള്‍ ഇവിടെ ക്ഷേത്രസമക്ഷത്തില്‍ പച്ചരി ചോറും ചുട്ടെടുത്ത അടയും പാകം ചെയ്ത് നിവേദിച്ചശേഷം മണ്‍ കലങ്ങളില്‍ പ്രസാദമായി നല്‍കുന്നു.
പുത്തന്‍ മണ്‍കലത്തില്‍ കുത്തിയെടുത്ത പച്ചരി, ശര്‍ക്കര, നാളികേരം, അടക്ക, വെറ്റില എന്നിവയാണ് കലത്തിലെ വിഭവങ്ങള്‍.
കൂട്ടിത്തുന്നിയ കുരുത്തോലയില്‍ കുഴച്ച അരിമാവും ശര്‍ക്കരയും നാളികേരവും ചേര്‍ത്ത് ചുട്ടെടുത്താണ് അടയുണ്ടാക്കുന്നത്. പത്തായിരത്തില്‍പ്പരം അടകള്‍ ചുട്ടെടുക്കുന്നത് കരിപ്പോടി പ്രദേശത്തുകാരാണ്.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഉണക്കലരി കഞ്ഞിയും മാങ്ങ അച്ചാറും 'മങ്ങണ'ത്തില്‍ വിളമ്പിക്കൊടുക്കും. കലവുമായി ദീര്‍ഘദൂരം കാല്‍നടയായി എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പന്തല്‍ ഒരുക്കിയിട്ടുണ്ടെന്നും പത്തായിരത്തോളം കലങ്ങള്‍ സമര്‍പ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇതിന് മുന്നോടിടായി ചെറിയ കാലംകനിപ്പുത്സവം ഒരു മാസം മുന്‍പ് നടന്നു.
രാവിലെ അടിച്ചുതളി, കലശാട്ടുകള്‍ക്കു ശേഷം ഭണ്ഡാരവീട്ടില്‍ നിന്നുള്ള പണ്ടാരക്കലമായിരിക്കും ആദ്യം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.തുടര്‍ന്ന് കഴക പരിധിയിലെ 30 പ്രാദേശികസമിതികളില്‍ നിന്ന് വ്രത ശുദ്ധിയോടെ സമുദായത്തിലെ സ്ത്രീ കൂട്ടങ്ങള്‍ ഘോഷയാത്രയായി നിവേദ്യ വിഭവങ്ങളടങ്ങിയ പുത്തന്‍ കലങ്ങള്‍ തലയിലേന്തി ക്ഷേത്രത്തിലെത്തും.
ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ കലശാട്ടും കല്ലൊപ്പിക്കലും മറ്റു അനുബന്ധ ആചാരചടങ്ങുകള്‍ക്കും ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയില്‍ നിന്ന് നല്‍കുന്ന പണ്ടാരക്കലമായിരിക്കും ആദ്യം തിരിച്ചു നല്‍കുക .
അനേകം പുണ്യം നേടിത്തരുമെന്ന വിശ്വാസത്തോടൊപ്പം ദേവിക്കുള്ള ആത്മസമര്‍പ്പണംകൂടിയാണ് കലംകനിപ്പ്.
സമാപനം കുറിച്ച് ഭണ്ഡാരവീട്ടില്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് വിളമ്പുന്ന പ്രസാദഊട്ട് പള്ളിപ്പുറം- കൂവ്വത്തൊട്ടി-അരമങ്ങാനം പ്രാദേശിക സമിതിയാണ് പാചകം ചെയ്യുക.
No comments:
Post a Comment