കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസര്‍കോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]
കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു പീതാംമ്പരന്‍. കൊലപാതകത്തിന് പിന്നില്‍ പീതാമ്പരനാണെന്ന വാര്‍ത്ത വന്നയുടന്‍ തന്നെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനമെടുത്തിരുന്നു.
ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംമ്പരനെ തിങ്കളാഴ്ച രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട് - കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്.
ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
No comments:
Post a Comment