Latest News

ചെറുകഥാകൃത്ത് അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു

കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്‌റഫ് ആഡൂര്‍ (48) അന്തരിച്ചു. കാടാച്ചിറ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം.[www.malabarflash.com] 

വായനയും എഴുത്തും കൈമുതലാക്കിയ അശ്‌റഫിന് ജീവിക്കാന്‍ നിര്‍മാണത്തൊഴില്‍ വരെ ചെയ്യേണ്ടി വന്നു. വീടെന്ന സ്വപ്‌നം സുഹൃത് സംഘമാണ് യാഥാര്‍ത്ഥ്യമാക്കിയത്. കണ്ണൂര്‍ സിറ്റി ചാനലിലെ റിപോര്‍ട്ടറായിരുന്നു. മാധ്യമ സുഹൃത്തുക്കളും സാംസ്‌കാരിക രംഗത്തെ സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മിച്ചു നല്‍കിയ അക്ഷര വീട്ടിലായിരുന്നു താമസം.

മനസിനെ വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളാണ് അഷ്‌റഫിന്റെ കഥകളില്‍ എപ്പോഴും ഉണ്ടായിരുന്നത്. ദാരദ്ര്യം മിക്ക കഥകളുടെയും പശ്ചാത്തലമായി നിറഞ്ഞു. ദാരിദ്ര്യത്തിനൊപ്പം മനുഷ്യനന്മയും അഷ്‌റഫിന്റെ കഥകളില്‍ വിഷയമായിരുന്നു.

മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, മരിച്ചവന്റെ വേരുകള്‍ എന്നിവയാണ് കഥാസമാഹാരങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. അഷ്‌റഫിന്റെ ചില കഥകള്‍ ഹ്രസ്വസിനിമകളും ആയിട്ടുണ്ട്.

2015 ഫെബ്രുവരിയിലാണ് പക്ഷാഘാതത്തെ തുടര്‍ന്ന് അഷ്‌റഫിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സയില്‍ ജീവന്‍ നിലനിര്‍ത്താനായെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.