Latest News

സീബ്രാലൈനിലും രക്ഷയില്ല; വാഹനങ്ങള്‍ ചീറിപ്പായുന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി മറുഭാഗത്തെത്താന്‍ കെഎസ്ടിപി റോഡില്‍ സ്ഥാപിച്ച സീബ്രാലൈനിലും രക്ഷയില്ല. ആളുകള്‍ കടന്നുപോകുമ്പോഴും അതൊന്നും നോക്കാതെ ചീറിപ്പായുന്ന വാഹനങ്ങള്‍ അപകട പരമ്പരയുണ്ടാക്കുന്നു.[www.malabarflash.com] 

തിരക്കേറിയ നഗരത്തില്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡുമുറിച്ചുകടക്കാനാണ് സീബ്രാലൈന്‍ സ്ഥാപിച്ചത്. കാല്‍നട യാത്രക്കാര്‍ക്ക് ഇതില്‍ക്കൂടി മാത്രമേ കടന്നുപോകാന്‍ പാടുള്ളൂ.

അതേ സമയം യാത്രക്കാര്‍ കടന്നുപോകുമ്പോള്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ സീബ്രാലൈനിന് തൊട്ടുള്ള ലൈനിന് സമീപം നിര്‍ബദ്ധമായും നിര്‍ത്തിയിടണം എന്നാണ് ട്രാഫിക് നിയമം. എന്നാല്‍ ഈ നിയമങ്ങള്‍ക്കൊന്നും പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് വാഹനങ്ങളുടെ ചീറിപ്പാച്ചില്‍. 

സീബ്ര ലൈനിലൂടെ കടന്നുപോകുമ്പോള്‍ നിര്‍ത്താതെ വാഹനങ്ങള്‍ ഓടിച്ചുപോയാല്‍ വഴിയാത്രക്കാരന് വാഹന ഉടമയുടെ പേരില്‍ പരാതി നല്‍കാനും അതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് കേസെടുക്കുവാനും അധികാരമുണ്ട്. എന്നാല്‍ പലരും ഇത് ഗൗനിക്കാറില്ല. സീബ്ര ലൈനില്‍ നിയമം ലംഘിച്ചുകൊണ്ട് വാഹനം കടന്നുപോകുന്നതിലൂടെ ദിവസേന യാത്രക്കാര്‍ അപകടത്തിനിരയാകുന്നു.

കഴിഞ്ഞ ദിവസം കോട്ടച്ചേരി സിറ്റി ഹോസ്പിറ്റലിന് മുന്‍വശത്തെ സീബ്രാലൈനിലൂടെ നടന്നു പോകുമ്പോള്‍ പുല്ലൂരിലെ സുരേശനെ (48) ഇന്നോവ കാര്‍ ഇടിച്ച് പരിക്കേറ്റിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് പരിക്കേറ്റ സുരേശനെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ കെഎല്‍ 60 ജി 6നമ്പര്‍ ഇന്നോവകാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

രണ്ടു മാസത്തിനുള്ളില്‍ ഇതുപോലെ സീബ്രാലൈന്‍ മുറിച്ച് കടക്കുകയായിരുന്ന മൂന്ന് പേര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റിരുന്നു. സീബ്രാലൈനില്‍ പോലീസിന്റെയോ ഹോംഗാര്‍ഡിന്റെയോ നിരീക്ഷണത്തിലാക്കിയാല്‍ അപകടങ്ങള്‍ കുറക്കാമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.