Latest News

കാണാതായ യുവതിയെയും കാമുകനെയും കണ്ടെത്താൻ പരക്കം പാഞ്ഞ പോലീസിനു നേരെ ആക്രമണം

കൊല്ലം: കാണാതായ യുവതിയെയും കാമുകനെയും കണ്ടെത്താൻ പരക്കം പാഞ്ഞ പോലീസിനു നേരെ യുവാവിന്റേയും കൂട്ടുകാരുടേയും ആക്രമണം. ഒരു പോലീസുകാരനു പരുക്കേറ്റു. കാമുകന്റെ സുഹൃത്തിന്റെ അമ്മയെ പോലീസ് മർദിച്ചതായും പരാതിയുണ്ട്.[www.malabarflash.com]

സംഭവത്തിൽ പനയം സ്വദേശി അജയ് (20), ബിനു (24), കുരീപ്പുഴ സ്വദേശി അരുൺ, ആൽബിദാസ് (20), ചന്തു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്‌സിപിഒ സുദർശനബാബുവിനാണ് പരുക്കേറ്റത്. 

പതിനെട്ടുകാരി ഇരുപതുകാരനായ യുവാവിനൊപ്പം പോയതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പനയം സ്വദേശിയായ സുഹൃത്ത് അജയുമായി യുവാവ് ബന്ധപ്പെട്ടതായി കണ്ടെത്തി. തുടർന്നു അജയെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എത്തിയില്ല. തുടർന്ന് പൊലീസ് വീട്ടിലെത്തിയതോടെ വീട്ടുകാരും പോലീസുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഇതിനിടെയാണ് പോലീസുകാരനു പരുക്കേറ്റത്. തുടർന്നു പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അജയ്,സുഹൃത്ത് ബിനു എന്നിവരെ കസ്റ്റഡിയിലെടുത്തു. 

യുവാവും പെൺകുട്ടിയും അഞ്ചാലുംമൂട് കുപ്പണ ഭാഗത്തുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസുകാർക്കെതിരെ കാമുകനും കൂട്ടുകാരും ആക്രമണം അഴിച്ചുവിട്ടു. നിരവധി കേസുകളിൽ പ്രതികളായ അരുൺ, ചന്തു, പെൺകുട്ടിയുടെ സുഹൃത്ത് ആൽബിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സ്ഥലത്തുണ്ടായിരുന്ന എസ്ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ള പ്രതികൾക്കൊപ്പം കണ്ടാലറിയുന്ന മറ്റു പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

അതെ സമയം യുവാവിനെയും യുവതിയെയും കണ്ടെത്താനുള്ള പോലീസ് നടപടിയുടെ ഭാഗമായി സുഹൃത്തിനെ തേടിയെത്തിയ പോലീസ് സുഹൃത്തിന്റെ അമ്മയെ മർദിച്ചതായി പരാതി. പനയം സ്വദേശി ലതയാണ് പോലീസിന്റെ മർദനമേറ്റതായി കാണിച്ച് സിറ്റി പോലീസ് കമ്മീഷണർക്കും ഡിജിപിയ്ക്കു പരാതി നൽകിയിട്ടുള്ളത്. 

പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകൻ അജയ്‌യെ തിരക്കി പെൺകുട്ടിയുടെ വീട്ടുകാർ എത്തിയതായും ഇവരിൽ നിന്നും സംരക്ഷണം തേടി പോലീസിനെ സമീപിച്ചപ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്നും മർദനമുണ്ടായതെന്നുമാണ് പരാതി. വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.