Latest News

യുവതലമുറയുടെ വോട്ടുറപ്പിച്ച്‌ കെ പി സതീഷ‌്ചന്ദ്രന്റെ ക്യാമ്പസ്‌ സന്ദർശനം

ഉദുമ: യുവതലമുറയുടെ വോട്ടുറപ്പിച്ച്‌ കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ പി സതീഷ്‌ ചന്ദ്രന്റെ ഉദുമ മണ്ഡലത്തിലെ ക്യാമ്പസ്‌ സന്ദർശനം.[www.malabarflash.com] 

 കെ പി സതീഷ‌്ചന്ദ്രന്റെ തിങ്കളാഴ‌്ചത്തെ പര്യടനം ക്യാമ്പസ‌് സ‌്പെഷ്യലായിരുന്നു. വിദ്യാർഥികളുടെ അവകാശ സമരത്തിന്റെ നായകനെ വരവേൽക്കാൻ ക്യാമ്പസുകൾ മത്സരിക്കുകയായിരുന്നു.
വോട്ടർമാരുടെ പ്രായം പതിനെട്ടാക്കിയ ശേഷമാണ‌് കോളേജുകളും കലാലയങ്ങളും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായത‌്. അതുവരെ ക്യാമ്പസ‌് രാഷ്ട്രീയത്തിന്റെ ഇടമായിരുന്ന ക്ലാസ‌് മുറികളിലും ഇടനാഴികളിലും പൊതുതെരഞ്ഞെടുപ്പും ചർച്ചയാവാൻ തുടങ്ങി. 

എന്നാൽ മിക്ക സ്ഥാനാർഥികളും ചങ്കിടിപ്പോടെയാണ‌് ഇവിടെ വോട്ടഭ്യർഥനക്കെത്തിയിരുന്നത‌്. എന്നാൽ ക്യാമ്പസ‌് രാഷ്ട്രീയത്തിൽ ഉരുകിത്തെളിഞ്ഞ സതീഷ‌്ചന്ദ്രൻ കലാലയ പര്യടനം പുതുതലമുറയുമായുള്ള സംവാദത്തിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു.
ചട്ടഞ്ചാൽ എംഎസി, ദേളി സഅദിയ, പരവനടുക്കം ആലിയ കോളേജ‌്, കോളിയടുക്കം അപ‌്സര, ഉദുമ ഗവ. കോളേജ‌്, പെരിയ പോളി, പെരിയ നവോദയ, അംബേദ‌്കർ കോളേജ‌് പെരിയ, മൂന്നാട‌് പീപ്പിൾസ‌് കോളേജ‌്, മുന്നാട‌് ധിഷണ വിദ്യാലയ കേന്ദ്രം, കുറ്റിക്കോൽ ഐടിഐ എന്നിവിടങ്ങളിൽ ഇടതുപക്ഷത്തിന്റെ തേരാളിയെ ഉത്സാഹത്തോടെ വരവേറ്റു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു വോട്ടഭ്യർഥന. മുന്നാട് പീപ്പിൾസ് കോളേജ് മുറ്റത്ത് സ്ഥാനാർഥിയെ വിദ്യാർഥികൾ പൂമാലയിട്ടു സ്വീകരിച്ചു.
ചില ക്യാമ്പസുകളിൽ ചെറുഭാഷണവുമുണ്ടായിരുന്നു. മറ്റിടങ്ങളിൽ വിദ്യർഥികളെ കാണാൻ ക്ലാസ‌് മുറികളിലെത്തി. അരാഷ്ട്രീയ ക്യാമ്പസെന്ന വാദത്തെ പൊളിച്ചടുക്കുന്നതായിരുന്നു സ്ഥാനാർഥി പര്യടനവും വിദ്യാർഥികളുടെ സ്വീകരണവും.
തുടർന്ന‌് കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലെത്തി പൂരോത്സവ പൂരക്കളി കളിക്കാരുമായി സ്ഥാനാർഥി സംവദിച്ചു. മുളിയാർ സഹകരണ ബാങ്ക‌ിന്റെ കാനത്തൂർ ഹെഡ‌്ഓഫീസും സന്ദർശിച്ചു. കാനത്തൂർ നാൽ ദേവസ്ഥാനം, വടക്കേക്കര പഞ്ചുരുളി ദേവസ്ഥാനം, മല്ലം ക്ഷേത്രം എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി. 

കെ കുഞ്ഞിരാമൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം കെ വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ‌്ഠൻ, ബേഡകം ഏരിയാ സെക്രട്ടറി സി ബാലൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്‌ണൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മൊയ്‌തീൻ കുഞ്ഞി കളനാട്‌ എന്നിവർ ഒപ്പമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.