Latest News

വേനൽ ചൂടിലും ആവേശം കുറയാതെ കെ പി സതീഷ്‌ചന്ദ്രന്റെ പര്യടനം

കാസർകോട‌്: കാസർകോട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ കാസർകോട്‌ മണ്ഡലത്തിൽ പര്യടനം ബെള്ളൂർ കൊളത്തിലപ്പാറയിൽ നിന്നാരംഭിച്ചു.[www.malabarflash.com]

ദളിത‌് വിഭാഗത്തിൽപ്പെട്ട ചെന്നനും കുച്ചെയും സതീഷ‌്ചന്ദ്രന്റെ ശിരസിൽ പാളത്തൊപ്പി വച്ച‌് ആശിർവദിച്ചത‌് ഈ നാട‌് നേരിടുന്ന പ്രശ‌്നങ്ങളുടെ പ്രതീകമായി. അടക്കാ കർഷകരും കവുങ്ങിൻതോട്ടങ്ങളിലെ തൊഴിലാളികളും ബഹുഭൂരിപക്ഷമായ പഞ്ചായത്തുകളിൽ ഈ മേഖല പ്രതിസന്ധിയിലാണ‌്. ആ പാളത്തൊപ്പി അഴിച്ചുവയ‌്ക്കാൻ മുതിരാതെ സതീഷ‌്ചന്ദ്രൻ അടക്കാകൃഷി അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന‌് ഉറപ്പുനൽകി. ടി ഗോവിന്ദന‌് താൻ കത്തിയും പാളത്തൊപ്പിയും നൽകിയത‌് ചെന്നൻ സ്ഥാനാർഥിയോട‌് വ്യക്തമാക്കാനും മറന്നില്ല.
നെട്ടണിഗെ ശിവക്ഷേത്രത്തിലെ മുഖ്യട്രസ‌്റ്റി ദാമോദരയെ കണ്ട‌് പിന്തുണ അഭ്യർഥിച്ചാണ‌് സ്ഥാനാർഥി ചൊവ്വാഴ‌്ച കാസർകോട‌് മണ്ഡലത്തിലെ പര്യടനത്തിനിറങ്ങിയത‌്. പണിക്ക‌് പോകുന്നതിന‌് മുമ്പ‌് സ്ഥാനാർഥിയെ കാണാൻ കാത്തുനിൽക്കുകയാണ‌് ബെളിഞ്ചയിൽ സ‌്ത്രീകൾ ഉൾപ്പെടെ. 

ജൈനപാരമ്പര്യത്തിന്റെ സ‌്മരണ നിറഞ്ഞ ബസ‌്തിയിൽ ജാതിവെറിയോട‌് പുരോഗമന പക്ഷം ചേർന്ന‌് പൊരുതി നടപ്പാതയുണ്ടാക്കാൻ പ്രവർത്തിച്ചതിലൂടെ ശ്രദ്ധേയായ നീലയാണ‌് സ്ഥാനാർഥിക്ക‌് പൂച്ചെണ്ട‌് നൽകിയത‌്. 

കൃഷ‌്ണപിള്ളയും എ വിയും ഉൾപ്പെടെ കമ്യൂണിസ‌്റ്റ‌് നേതാക്കൾ നയിച്ച കാടകം വനസത്യഗ്രഹത്തിന്റെ സ‌്മരണയിരമ്പുന്ന കാടകം പതിമൂന്നാംമൈലിൽ നാടിന്റെ പാരമ്പര്യം പ്രതിഫലിക്കുന്ന ആൾക്കൂട്ടമാണ‌്. 

കേന്ദ്രസർക്കാരിനെ ഇഴകീറി വിമർശിച്ച‌് സിഐടിയു നേതാവ‌് ടി കെ രാജന്റെ ഉജ്വലപ്രസംഗം പുരോഗമിക്കുമ്പോൾ സ്ഥാനാർഥിയെത്തി. രക്തഹാരങ്ങൾ ഊരിമാറ്റി ആളുകളെ പേരെടുത്ത‌് വിളിച്ച‌് വോട്ടഭ്യർഥന. തുടർന്ന‌് ബിജെപി കേന്ദ്രമായ മുള്ളേരിയയിലേക്ക‌്. സി ജെ സജിത‌് ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസംഗം ശ്രദ്ധിക്കുന്ന ആൾക്കൂട്ടം കൊന്നപ്പൂക്കളും പ്ലക്കാർഡുമായാണ‌് വരവേൽക്കാൻ കാത്തുനിൽക്കുന്നത‌്. നാടിന്റെ മാറ്റമാകെ അവിടെ ഒരുമിച്ച ജനങ്ങളുടെ മുഖത്ത‌് വായിക്കാം. മോഡി സർക്കാരിന്റെ ദ്രോഹനടപടികൾക്ക‌് തിരിച്ചടി കൊടുക്കാൻ നേരമായെന്ന സന്ദേശം പ്രകടം.
ബീഡിത്തൊഴിലാളികളുടെ കേന്ദ്രമായ മാർപ്പനടുക്കയിൽ കൂറ്റൻ തണൽമരത്തിന്റെ മുകളിൽ ചെഗുവേരയുടെ ചിത്രമുള്ള ചെമ്പതാക കെട്ടിയിട്ടുണ്ട‌്. അതിന‌് കീഴെ പനിനീർപൂക്കളുമായാണ‌് വരവേൽക്കാൻ കാത്തുനിൽക്കുന്നത‌്. നാരമ്പാടിയിലും വിദ്യാഗിരിയിലുമുണ്ട‌് തീവെയിലിലും മോശമല്ലാത്ത ആൾക്കൂട്ടം. ന്യൂനപക്ഷങ്ങളുടെ കേന്ദ്രമായ ബദിയടുക്കയിൽ സ്ഥാനാർഥിയെത്തിയപ്പോൾ ഉച്ചവെയിലിനേക്കാൾ തിളയ‌്ക്കുന്ന ആവേശം. എ കെ ജി, രാമണ്ണറൈ, ടി ഗോവിന്ദൻ, പി കരുണാകരൻ എന്നിവരുടെ പ്രവർത്തനം ഓർമിപ്പിച്ച‌് ലഘുപ്രസംഗം. തുടർന്ന‌് തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ കയറ്റി ആവേശകരമായ റോഡ‌്ഷോ. 

അതൃകുഴി, നീർച്ചാൽ, പട‌്ള, ഉളിയത്തടുക്ക, കുഡ‌്‌ലു എന്നിവിടങ്ങളിലും വരവേൽക്കാനെത്തുന്നവരിൽനിന്ന‌് വർഗീയരാഷ്ട്രീയത്തോട‌് വിടപറയുന്നവരുടെ മാറ്റമാണ‌് പ്രതിഫലിക്കുന്നത‌്. 

മൊഗ്രാൽപുത്തൂർ മുതൽ തീരപ്രദേശങ്ങളിലൂടെയാണ‌് മധ്യാഹ്നത്തിലെ പര്യടനം. സംസ്ഥാന സർക്കാരിന്റെ ആശ്വാസപദ്ധതികളിലൂടെ വീടും സഹായങ്ങളും ലഭിച്ച കേരളത്തിന്റെ രക്ഷാസൈന്യമാണ‌് ഇടതുപക്ഷത്തിന്റെ പടനായകനെ കാത്തിരിക്കുന്നത‌്. എരിയാൽ, കടപ്പുറം എന്നിവിടങ്ങൾ പിന്നിട്ട‌് ന്യൂനപക്ഷ കേന്ദ്രമായ തളങ്കരയിലെത്തിയപ്പോൾ ആ നാട‌് ഇതുവരെ കണ്ടിട്ടില്ലാത്ത വരവേൽപ്പ‌്. ചുവന്നകൊടി ഉയർത്താൻ സമ്മതിക്കാത്ത ഹരിതരാഷ്ട്രീയത്തിന്റെ ഇടനെഞ്ചിൽ വിരിഞ്ഞ ചുവപ്പിന്റെ നിറവ‌്. 

ഇടതുപക്ഷത്തിന്റെ പരമ്പരാഗത കേന്ദ്രമായ ചെന്നിക്കരയിലും ആവേശ സ്വീകരണം. ബെദിരയിലും നായന്മാർമൂലയിലും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ എങ്ങനെ കാണുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു വരവേൽപ്പ‌്. മണ്ഡലത്തിൽ രണ്ട‌് പാസ‌്പോർട്ട‌് സേവാകേന്ദ്രങ്ങൾ അനുവദിപ്പിച്ച പി കരുണാകരൻ എംപിയുടെ ഇടപെടൽ അവിടെയുള്ളവർ തുറന്നുസമ്മതിക്കുന്നു. 

ആലമ്പാടിയും കമ്യൂണിസ‌്റ്റ‌്–- കർഷക പ്രസ്ഥാനത്തിന്റെ കേന്ദ്രമായ പാടിയും പിന്നിട്ട‌് ചരിത്രമൊഴുകിയ ചന്ദ്രഗിരിപ്പുഴയോരത്തെ ബേവിഞ്ചയിൽ സമാപനം നടക്കുമ്പോൾ രാത്രിയിലും കെടാത്ത ആവേശത്തിന്റെ അലയടി.
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച‌് കുഞ്ഞമ്പു, എൽഡിഎഫ‌് മണ്ഡലം സെക്രട്ടറി സിജി മാത്യു, ടി കെ രാജൻ, എം സുമതി, കെ എ മുഹമ്മദ‌് ഹനീഫ, ടി എം എ കരീം, സി ജെ സജിത‌്, കെ ശങ്കരൻ, ടി കൃഷ‌്ണൻ, സുരേഷ‌്ബാബു, ബി എം കൃഷ‌്ണൻ, ബിജു ഉണ്ണിത്താൻ, എം എ ലത്തീഫ‌്, അസീസ‌് കടപ്പുറം, പി രാമചന്ദ്രൻ നായർ, എം അനന്തൻ നമ്പ്യാർ, ഹാരിസ‌് ബേഡി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.