Latest News

മുസ്ലിം പ്രാതിനിധ്യം തേടി യോഗം ചേർന്ന ആക്ടിവിസ്റ്റുകൾക്കെതിരെ കേസ്

റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾ കുറയുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന മുസ്‌ലിം ആക്ടിവിസ്റ്റുകൾക്കെതിരെ കേസ്. ഝാർഖണ്ഡിലാണ് 16 പ്രമുഖ ആക്ടിവിസ്റ്റുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.[www.malabarflash.com] 

മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്നതാണ് കുറ്റം. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെങ്കിലും മുസ്‌ലിം സ്ഥാനാർഥികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് യോഗത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകൾ ദി കാരവൻ മാഗസിനോട് പറഞ്ഞു.

വിജയ് കുമാർ ഉറാവോൺ എന്നയാൾ ഹിന്ദ് പിഡി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യോഗം സംബന്ധിച്ച വാർത്ത പ്രാദേശിക ഹിന്ദി ദിനപത്രം പ്രാധാന്യപൂർവം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിറകേയാണ് പരാതി നൽകിയത്. ഈ മാസം 15നായിരുന്നു യോഗം. ബശീർ അഹ്മദ്, ഡോ. എസ് എസ് അഹ്മദ്, അജാസ് അഹ്മദ്, നദീംഖാൻ, ഹാജി ഇംറാൻ, റാസ അൻസാരി, ലത്വീഫ്, എം ഡി നൗഷാദ്, അബ്ദുൽ ഗഫ്ഫാർ, ഹഫീസ്, ജുനൈദ്, നവാബ് ചിശ്തി, സോനു ഭായ്, ഇമാം അഹ്മദ്, മുഹമ്മദ് ഷാഹിദ് തുടങ്ങിയവർക്കെതിരെയാണ് കേസ്.

വർഗീയമായ ഒരു പ്രസംഗവും യോഗത്തിൽ ഉണ്ടായിട്ടില്ലെന്ന് നദീം ഖാൻ പറഞ്ഞു. കോൺഗ്രസ്, ജെ എം എം, ആർ ജെ ഡി തുടങ്ങിയ കക്ഷികളുൾപ്പെട്ട മഹാസഖ്യം മുസ്‌ലിംകൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്നാണ് യോഗം വിലയിരുത്തിയത്. 

എഫ് ഐ ആർ ഇട്ടവരിൽ ബിഹാറിൽ നിന്ന് വേർപെട്ട് ഝാർഖണ്ഡ് പ്രത്യേക സംസ്ഥാനമാകാൻ വേണ്ടി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരും ഉൾപ്പെടും.
സി പി ഐയും സി പി എമ്മും മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും സീറ്റ് വിഭജനത്തിൽ തൃപ്തരാകാതെ അവർ പിൻമാറുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.