Latest News

അമേഠിയിലെ വോട്ടര്‍മാരെ ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ

ബിജ്‌നോര്‍ (യു.പി): വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.[www.malabarflash.com]

അമേഠിയിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി അവിടുത്തെ വോട്ടര്‍മാര്‍ ചോദിക്കുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. അമേഠി ഉപേക്ഷിച്ച് രാഹുല്‍ കേരളത്തിലെ വയനാട്ടിലേക്ക് ഓടിയെന്ന വിവരം വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം ഓടി രക്ഷപ്പെട്ടത്. 

അമേഠിക്കുവേണ്ടി രാഹുല്‍ ചെയ്തകാര്യങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കി വിജയിക്കാനാണ് രാഹുല്‍ കേരളത്തിലേക്ക് പോയതെന്നും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ധാംപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവ് സ്മൃതി ഇറാനിയും വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നീക്കത്തെ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. അമേഠിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് രാഹുല്‍ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ത്തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനം ഞായറാഴ്ചയാണ് ഉണ്ടായത്. അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാവും രാഹുല്‍ വയനാട് മണ്ഡലത്തില്‍കൂടി മത്സരിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.