Latest News

രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടില്‍ പത്രിക നൽകും

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച നമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന.[www.malabarflash.com]

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാംതീയതി വരെ പത്രിക പിന്‍വലിക്കാം.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക.

സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് എ.കെ. ആന്റണി പറഞ്ഞിരുന്നു.

വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറായിരുന്നില്ല. ഇതാണ് ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഇടയാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.