Latest News

സംഘപരിവാറിന് ഇവർ കൊടും ശത്രുക്കൾ, പോരാടാനുറച്ച് സി.പി.എമ്മും എ.എ.പിയും

ഡല്‍ഹി: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൊടും ശത്രുക്കളാണ് പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളും. സംഘ പരിവാറിന്റെ കണ്ണിലെ കരടായ ഈ രണ്ട് മുഖ്യമന്ത്രിമാരും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണ് വര്‍ഗ്ഗീയതയെ തുരത്താന്‍.[www.malabarflash.com]

വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് തെളിയിക്കുകയും മുന്‍പ് ബി.ജെ.പിയോട് കൂട്ടു കൂടുകയും ചെയ്ത മമതയുടെ ചരിത്രമുള്ളവരല്ല പിണറായിയും കെജ്‌രിവാളും. അവര്‍ക്ക് അന്നും ഇന്നും കാവി രാഷ്ട്രിയം ശത്രുപക്ഷത്ത് തന്നെയാണ്.
മമത ഇപ്പോള്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാവി പാളയത്തിലെത്തുന്നതില്‍ കലാശിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം മുന്‍പ് എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമായിരുന്നു ഈ ബംഗാള്‍ മുഖ്യമന്ത്രി. അതേസമയം കോണ്‍ഗ്രസ്സിനോടും ബി.ജെ.പി യോടും ഒരു പോലെ പടവെട്ടി മുന്നേറിയ ചരിത്രമാണ് സി.പി.എമ്മിനും ആം ആദ്മി പാര്‍ട്ടിക്കും അവകാശപ്പെടാന്‍ ഉള്ളത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാനുള്ള ഇരു പാര്‍ട്ടികളുടെയും തീരുമാനം തന്നെ ചരിത്രപരമാണ്.
കേരളത്തില്‍ ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ സി.പി.എം തിരിച്ചും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യും. ഇരു പാര്‍ട്ടികളിലെയും ദേശീയ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയും സി.പി.എമ്മും ഉള്‍പ്പെട്ട ഒരു മുന്നണി സംവിധാനം വരണമെന്നത് ഇരു പാര്‍ട്ടികളിലെയും അണികളും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഏറ്റവും അധികം പ്രതികാര നടപടികള്‍ നേരിട്ടതും ഡല്‍ഹി – കേരള സര്‍ക്കാരുകളാണ്. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ പിണറായിക്കും കെജ്‌രിവാളിനും കഴിഞ്ഞത് അവര്‍ ഉയര്‍ത്തി പിടിച്ച നിലപാടുകളുടെ കരുത്ത് കൊണ്ട് മാത്രമാണ്.
ഡല്‍ഹി – കേരള സര്‍ക്കാരുകളെ പിരിച്ചു വിടണമെന്ന് നിരന്തരം ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്ന കാര്യം ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. 

കേരളത്തില്‍ ചുവപ്പ് ഭീകരതാവാദം ഉയര്‍ത്തിയാണ് പിണറായി സര്‍ക്കാരിനെതിരെ സംഘപരിവാര്‍ തിരിഞ്ഞിരുന്നത്. ഡല്‍ഹിയിലാവട്ടെ എം.എല്‍.എമാരെയും മന്ത്രിമാരെയും ഉള്‍പ്പെടെ കേസുകളില്‍ പെടുത്തിയും ഐ.എ.എസുകാരെ ഉപയോഗിച്ചുമായിരുന്നു അട്ടിമറി നീക്കം. ഇതേ തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ വസതിയില്‍ നിരാഹാരം കിടക്കേണ്ട സാഹചര്യം വരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുണ്ടായി. 

ഇന്ദ്രപ്രസ്ഥത്തില്‍ തന്റെ മൂക്കിന് തുമ്പത്ത് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി വിലസുന്നത് മോദിയെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
അധികാരത്തില്‍ വന്നതു മുതല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി ഡല്‍ഹി ജനതയുടെ ഇടയില്‍ വലിയ സ്വാധീനമാണ് ഇതിനകം കെജ്‌രിവാള്‍ ഉണ്ടാക്കിയിരിക്കുന്നത്. അനുദിനം കുതിച്ചുയരുന്ന ഈ പ്രതിച്ഛായ തന്നെയാണ് മോദിയെയും ബി.ജെ.പിയെയും അസ്വസ്ഥപ്പെടുത്തുന്നത്.

കേരളത്തിലാവട്ടെ സംഘപരിവാറിനെ വരിഞ്ഞ് മുറുക്കുന്ന സി.പി.എം നടപടി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ തന്നെ പ്രകോപിതനാക്കിയ സംഭവമാണ്.
രാജ്യത്ത് ആര്‍.എസ്.എസിന് ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള സംസ്ഥാനമാണ് കേരളം. ഇതു തന്നെയാണ് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് കേരളം പ്രിയപ്പെട്ട സംസ്ഥാനമാകാനുള്ള പ്രധാന കാരണവും.
ഇനി ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഡല്‍ഹി – കേരള സര്‍ക്കാരുകള്‍ പിരിച്ചു വിടാനുള്ള സാധ്യത രാഷ്ട്രിയ നിരീക്ഷകരും ഇപ്പോള്‍ തള്ളികളയുന്നില്ല.എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കും എന്ന് കണ്ടാല്‍ ആ നിമിഷം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് മോദിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്തുണക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബി.ജെ.പിക്ക് എതിരെ മതേതര സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. എസ്.പി, ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ടി.ആര്‍.എസ്, ഡി.എം.കെ, ബിജു ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, എന്‍.സി.പി, ജെ.ഡി.യു, ആര്‍.ജെ.ഡി പാര്‍ട്ടികള്‍ അടങ്ങുന്ന മതേതര മുന്നണി 150 സീറ്റുകളോളം നേടിയാല്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകും.
കൂട്ടായ ചര്‍ച്ചയിലൂടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്ന സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് നേതാവ് പ്രധാനമന്ത്രിയാകുന്നതും ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചിന്തിച്ചാല്‍ മതിയെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
ആം ആദ്മി പാര്‍ട്ടിയുമായി കൂടുതല്‍ ശക്തമായി സഹകരിക്കാനും ദേശീയ തലത്തില്‍ മൂന്നാം ബദല്‍ ലക്ഷ്യമിട്ട് നീങ്ങാനുമാണ് സി.പി.എം തീരുമാനം. മുലായം സിങ് യാദവ്, മായാവതി, ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, ജഗന്‍ മോഹന്‍ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ,എം.കെ സ്റ്റാലിന്‍, നവീന്‍ പട്നായിക് എന്നിവരുമായി നിരന്തരം യെച്ചൂരി ബന്ധപ്പെട്ട് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍പ് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തുമൊത്ത് യെച്ചൂരി നടത്തിയ നീക്കങ്ങളാണ് മൂന്നാം മുന്നണി സര്‍ക്കാര്‍ സാധ്യമാക്കിയിരുന്നത്.വി.പി സിംഗ്, ചന്ദ്രശേഖര്‍, ഗുജ്റാള്‍, ദേവഗൗഡ സര്‍ക്കാരുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. മതേതര പാര്‍ട്ടികളിലെ ദേശീയ നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് സീതാറാം യെച്ചൂരിക്കുള്ളത്.
ഒന്നാം യു.പി.എ സര്‍ക്കാര്‍ നിലവില്‍ വരാന്‍ കാരണവും സി.പി.എം പിന്തുണ കൊണ്ടായിരുന്നു. പിന്നീട് ജനവിരുദ്ധ നിലപാട് തുടര്‍ന്നപ്പോള്‍ സി.പി.എം ആ പിന്തുണ പിന്‍വലിക്കുകയായിരുന്നു.

കടപ്പാട്: എക്‌സ്പ്രസ് കേരള

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.