Latest News

ആത്മീയ ചികില്‍സാ തട്ടിപ്പ്: കളരിത്തൊടി ഉസ്മാന്‍ മൗലവി അറസ്റ്റില്‍

വടകര: ആത്മീയ ചികില്‍സയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ വയനാട് പേര്യ സ്വദേശി കളരിത്തൊടി ഉസ്മാന്‍ മൗലവി അറസ്റ്റില്‍. വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. [www.malabarflash.com]

ആത്മീയ ചികില്‍സയുടേയും അറബി മാന്ത്രികത്തിന്റെയും മറവില്‍ വിവിധ ജില്ലകളിലായി നൂറു കണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ഉസ്മാന്‍ മൗലവി തട്ടിയെടുത്തതെന്ന് പോലിസ് പറയുന്നു. 

വടകര സ്വദേശിനിയായ വീട്ടമ്മ, പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരികെയെത്തിക്കാന്‍ വയനാട് പേര്യ സ്വദേശിയായ ഉസ്മാന്‍ മൗലവിയെ സമീപിച്ചു. ഭര്‍ത്താവിന്റെ ഷര്‍ട്ടിന്റെ ഒരു കഷണം മതി. ഒപ്പം എക്കൗണ്ടില്‍ അമ്പതിനായിരം രൂപയും. തുണി കൊണ്ട് മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ ഭര്‍ത്താവ് വന്നില്ലെങ്കില്‍ 75000 രൂപ കൂടി. അങ്ങനെ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ട വടകര സ്വദേശിനിക്ക് താന്‍ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് പോലിസില്‍ പരാതി നല്‍കിയത്. 

20 വര്‍ഷത്തോളമായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എറണാകുളം, കാസര്‍കോട്‌ ജില്ലകളില്‍ സാന്ത്വനം സെന്റര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയ ഉസ്മാന്‍ തട്ടിപ്പ് നടത്തുന്നു. ഒരു ദിവസം 500 പേര്‍ വരെ ഇയാളെ കാണാനെത്താറുണ്ട്. ബഹുഭാഷാ പണ്ഡിത്യവും മതവിജ്ഞാനവും തട്ടിപ്പിന് മറയാക്കി. 50,000 രൂപ നല്‍കി കൊളൊമ്പോ യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് വാങ്ങി. 

തമിഴ്‌നാട്ടില്‍ ഈഗിള്‍ ഐ എന്ന പേരില്‍ പ്രൈവററ്‌ ഡിക്ടറ്റീവ് ഏജന്‍സി തുടങ്ങി. റിട്ട. എസ്പി, ഡിവൈഎസ്പിമാരെ സ്ഥാപനത്തില്‍ നിയമിച്ചു.വയനാട്ടില്‍ റിസോര്‍ട്ട് ഉള്‍പ്പെടെ സ്ഥലവും വീടുകളും സ്വന്തമാക്കി.എരുമേലിയില്‍ ചന്ദനത്തിരി ഫാക്ടറി തുടങ്ങി. 

പരാതിക്കാരുണ്ടാവുമ്പോള്‍ പണം നല്‍കി ഒതുക്കി. മലയാളത്തിലെ ചില ചാനലുകളില്‍ പരിപാടികളും നടത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെ ശബരിമല സമരത്തിലും പങ്കെടുത്തു. വടകര ഡിവൈഎസ്പി സദാനന്ദനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.